പെരുമഴയിൽ മുങ്ങി തിരുവനന്തപുരം; മല്ലിക സുകുമാരനെ രക്ഷിച്ചത് ഫയർഫോഴ്സെത്തി

അർധരാത്രിക്ക് ശേഷം മഴ തോരാതെ പെയ്തതോടെ തിരുവനന്തപുരം നഗരത്തിൽ ഇതുവരെ ഇല്ലാത്ത വെള്ളക്കെട്ടുണ്ടായി. നാന്നൂറിലേറെ വീടുകളിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി.

ഇന്നലെ ഉച്ചവരെ ഗതാഗത തടസമായിരുന്നു. മഴയ്ക്കൊപ്പം മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടി തുറന്നതോടെയാണ് ജനങ്ങൾ ദുരിതക്കയത്തിലായത്. കരമനയാറും കിള്ളിയാറും കരകവിഞ്ഞതോടെ തീരം മുങ്ങി. കുണ്ടമൺ കടവ് മുതൽ ഗൗരീശ പട്ടം വരെയുള്ള വീടുകളിൽ വെള്ളം കയറി.13 പേരെ ഫയർഫോഴ്സെത്തി രക്ഷിക്കുകയായിരുന്നു.

കരമനയാർ കരകവിഞ്ഞതോടെ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറി. കഴിഞ്ഞ കാലവർഷത്തിലും ഇവിടെ വെള്ളം കയറിയിരുന്നു. ഫയർഫോഴ്സെത്തിയാണ് മല്ലിക സുകുമാരനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. റവന്യൂമന്ത്രിയുടെ വീട്ടിലുൾപ്പടെ നഗരത്തിൽ വെള്ളം കയറി. ദുരിതം തീവ്രമാകാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.