കക്കയം ഡാമിന്റെ ജലനിരപ്പുയരുന്നു; വൈദ്യുതോൽപാദനം പൂർണതോതിലാക്കും

വേനല്‍മഴ കനത്തതോടെ കോഴിക്കോട് കക്കയം ഡാമിന്റെ ജലനിരപ്പ് 2451.60 അടിയായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.40 അടി വെള്ളം കൂടുതലാണ്. വൈദ്യുതോല്‍പാദനം പൂര്‍ണതോതിലാക്കി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് ശ്രമം. വേനല്‍മഴ ശക്തമായതും ലോക്ഡൗണ്‍ കാരണം വൈദ്യുതോല്‍പാദനം കുറ‍ഞ്ഞതും ഡാമിലെ ജലനിരപ്പ് കൂടാനിടയായി. 2487 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ മാര്‍ഗം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജലം കക്കയം ഡാമിലേക്കെത്തുന്നുണ്ട്. 

231.75 െമഗാവാട്ട് ശേഷിയുള്ള കക്കയം പദ്ധതിയില്‍ 10 ജനറേറ്ററുകളിലായാണ് ഉല്‍പാദനം നടക്കുന്നത്. ഒരു ജനറേറ്റര്‍ അറ്റകുറ്റപ്പണിയിലാണ്. കക്കയം ഡാമിലെ 1.2 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം ഉപയോഗിച്ച് ദിവസേന 1.3696 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതോല്‍പാദനത്തിന് ശേഷമുള്ള വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയറിലേക്കെത്തും. 

2019 ഓഗസ്റ്റ് 9 ന് ഉരുള്‍പൊട്ടലില്‍ കേടുപാടുണ്ടായ പ്രധാന പവര്‍ഹൗസ് നവീകരണം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. വൈദ്യുതോല്‍പാദനം പൂര്‍ണതോതിലാക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. മഴ തുടര്‍ന്നാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പെരുവണ്ണാമൂഴിഡാമിലേക്ക് ജലമൊഴുക്കും. 

കക്കയം ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ കനത്ത മഴയാണ് മൂന്ന് ദിവസമായി അനുഭവപ്പെടുന്നത്.