പത്തനംതിട്ടയില്‍ പുലിയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു

പത്തനംതിട്ട തണ്ണിത്തോട്ടില്‍ ടാപ്പിങ് തൊഴിലാളിയെ പുലികടിച്ചുകൊന്നു. മേടപ്പാറ പ്ലാന്റേഷനിലെ തൊഴിലാളി ഇടുക്കികട്ടപ്പന സ്വദേശി വിനേഷ് മാത്യുവാണ് മരിച്ചത്. വന്യജീവികളുടെ ആക്രമണം തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് എം.എല്‍.എ. കെ.യു.ജനീഷ് കുമാര്‍ ആവശ്യപ്പെട്ടു. 

 ഉച്ചയോടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലിയുടെ ആക്രമണത്തില്‍ മേടപ്പാറ പ്ലാന്റേഷനിലെ കരാര്‍ തൊഴിലാളിയായ വിനേഷിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു. ബഹളം കേട്ട് മറ്റ് തൊഴിലാളികള്‍ ഓടിയെത്തിയപ്പോഴെയ്ക്കും വിനേഷ് മരിച്ചിരുന്നു. മുന്‍പ് നിരവധി പ്രവശ്യം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് എം.എല്‍.എ. കെ.യു.ജനീഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഫൊറന്‍സിക് സംഘവും, വനപാലകരും, പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.