ലോക്ഡൗണില്‍ കുട്ടികള്‍ പഠനം മറക്കരുത്; ഈ ആപ്പുകള്‍ കരുതിക്കോളൂ

ലോക്ഡൗൺ കാലമായാലും പഠിക്കാതിരിക്കാൻ പറ്റില്ലല്ലോ. സ്‌കൂളിൽ പോകാതെയും പഠിക്കാനുള്ള സൗകര്യമൊക്കെ സർക്കാർ തന്നെ ഒരുക്കിത്തന്നാലോ കേന്ദ്ര മനുഷ്യവിഭവ വകുപ്പ്(എംഎച്ച്ആർഡി) ആണു വിദ്യാർഥികൾക്കായി വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പഠനസൗകര്യമൊരുക്കുന്നത്.

സിബിഎസ്ഇ അധികൃതർ ഇതുസംബന്ധിച്ചു സ്‌കൂൾപ്രിൻസിപ്പൽമാർക്ക് കത്തയച്ചിട്ടുണ്ട്. സിബിഎസ്ഇയുടെ പട്ടികയിലുള്ള ആപ്ലിക്കേഷനുകൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ചില ആപ്ലിക്കേഷനുകൾ പരിചയപ്പെടാം

ദീക്ഷ

15 ഭാഷകളിലായി എണ്ണായിരത്തോളം കരിക്കുലം ലിങ്കുകൾ ഇതിലുണ്ട്. 6 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. ഇതുവരെ 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ദീക്ഷ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ചിന്താശേഷിയും സർഗാത്മകതയും വർധിപ്പിക്കുന്നതിനുകൂടി ഊന്നൽ നൽകിയിട്ടുള്ളതാണ് ഉള്ളടക്കം. ചോദ്യബാങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

https://diksha.gov.in/

ഇ–പാഠശാല

എൻസിഇആർടിയുടെ 1886 ഓഡിയോ ഫയലുകളും രണ്ടായിരം വിഡിയോകളും 696 ഇ ബുക്കുകളും 504 ഫ്‌ലിപ് ബുക്കുകളും ഇതിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഒന്നുമുതൽ 12 വരെ ക്ലാസുകളിലേക്കുള്ള സിലബസ് അനുസരിച്ച വിഷയങ്ങൾ അനുസരിച്ചാണിത്.

http://epathshala.nic.in/

നാഷനൽ റിപോസിറ്ററി ഓഫ് ഓപ്പൺ എജ്യുക്കേഷൻ റിസോഴ്സസ്(NROER)

401 വിഭാഗങ്ങളിലായി 14,527 ഫയലുകൾ ഇതിൽ ലഭിക്കും. 2779 ഡോക്യുമെന്‌റുകളും 1345 ഇന്ററാക്ടീവ് ഫയലുകളും ഓഡിയോ ഫയലുകളും 2586 ചിത്രങ്ങളും ഉൾപ്പെടുത്തിയാണിത്. ഇതോടൊപ്പം ആറായിരത്തോളം വിഡിയോകളുമുണ്ട്.

https://nroer.gov.in/welcome

1900 കോഴ്സുകൾ ഉൾപ്പെടുത്തിയ സ്വയം നാഷനൽ എജ്യുക്കേഷൻ പ്ലാറ്റ്‌ഫോം,(swayam.gov.in) വിദ്യാഭ്യാസവിഷയങ്ങൾ സംപ്രേഷണം ചെയ്യുന്ന 32 ഡിടിഎച്ച് ചാനലുകൾ, സിബിഎസ്ഇയുടേതടക്കമുള്ള യു ട്യൂബ് ചാനലുകൾ (https://www.youtube.com/channel/UC1we0IrHSKyC7f30wE50_hQ/videos) എന്നിവയും വിദ്യാർഥികൾക്ക് സഹായമേകും. 

സിബിഎസ്ഇ ശിക്ഷാവാണി എന്ന പോഡ്കാസ്റ്റ് ആപ്ലിക്കേഷനും ഉപയോഗിക്കാവുന്നതാണ്.