ഞായറാഴ്ച ലോക്ഡൗൺ മാറുമോ? ഇളവുകളിൽ തീരുമാനം ഇന്ന്

കോവിഡ് വ്യാപനസാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായാറാഴ്ച നിയന്ത്രണം മാറുമോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വേണോയെന്ന് തീരുമാനിക്കും. ജില്ലകളിലെ നിയന്ത്രണങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. യു.എ.ഇയില്‍നിന്ന് മുഖ്യമന്ത്രി  ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.

കോവിഡ് വ്യാപനം വിലയിരുത്തി നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുന്നതിനുള്ള അവലോകനയോഗം വൈകിട്ട് അഞ്ചുമണിക്കാണ് ചേരുന്നത്. രോഗവളര്‍ച്ച നിരക്കില്‍ ഭയനാകമായ കുതിപ്പില്ലെന്ന വിലയിരുത്തല്‍ കൂടി കണക്കിലെടുത്താകും പുതിയ രോഗപ്രതിരോധ രീതി വരിക.  കഴിഞ്ഞ രണ്ടു ഞായറാഴ്ചകള്‍ പൂര്‍ണമായും അടച്ചിട്ട് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. വരുന്ന ഞായാറാഴ്ചകളിലും അടച്ചിടല്‍ തുടരണമോ എന്ന് ഇന്നത്തെ രോഗികളുടെ കണക്ക് കൂടി പരിഗണിച്ചാവും തീരുമാനം എടുക്കുക.  

തിരുവനന്തപുരം, കൊല്ലം, കോട്ടയം , ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് കടുത്ത നിയന്ത്രണങ്ങളുടെ സി കാറ്റഗറിയിലുള്ളത്. കാസര്‍കോട് മാത്രമാണ് നിലവില്‍ ഒരു നിയന്ത്രണങ്ങളുമില്ലാത്തത്. മറ്റു ജില്ലകള്‍ എ–ബി കാറ്റഗറിയില്‍ തുടരുകയാണ്.  ജില്ലകളുടെ കാറ്റഗറികള്‍ മാറുന്നതും ആശുപത്രിയില്‍ ഇന്ന് കൂടി പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നോക്കിയാവും.  എ കാറ്റഗറിയില്‍ വിവാഹത്തിനും പൊതുചടങ്ങള്‍ക്കും അന്‍പതു പേരും ബി കാറ്റഗറിയില്‍ 20 പേരുമെന്നാണ് നിയന്ത്രണം.  ഇതിന് തല്ക്കാലം മാറ്റം വരാന്‍ സാധ്യതയില്ല. സി വിഭാഗത്തില്‍ സിനിമ തീയറ്ററുകള്‍ ഉള്‍പ്പടെ അടച്ചിട്ടുള്ള കടുത്ത നിയന്ത്രണമാണുള്ളത്. ഇതിന് മാറ്റം വേണമോ എന്നും ആലോചന നടക്കും. സെക്രട്ടറിയേറ്റില്‍ ആരംഭിച്ച കോവിഡ് വാര്‍റൂമിന്‍റെ പ്രവര്‍ത്തനം അവലോകനയോഗം വിലയിരുത്തും. ജില്ലകളിലെ കോവിഡ് സാഹചര്യം ജില്ലാ കലക്ടറുമാര്‍ യോഗത്തില്‍ വിശദീകരിക്കും.