ഷർട്ട് വലിച്ചുകയറ്റി, തലമൂടി ഓടി യുവാക്കൾ; വിട്ടുകൊടുക്കാതെ ഡ്രോൺ; ദൃശ്യങ്ങൾ വൈറൽ

വേങ്ങര ചേറൂർ മഞ്ഞേങ്ങരയിലെ ക്വാറിയിൽ‌ മീൻപിടിക്കാനെത്തിയ യുവാക്കൾ പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയപ്പോൾ

തലയിലേക്കു ഷർട്ട് വലിച്ചുകയറ്റി മുഖം മറച്ച് ഓടുന്നവരുടെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ലോക്ഡൗൺ കാലത്തു ഉൾപ്രദേശങ്ങളിലേക്കു പറന്നെത്തുന്ന പൊലീസിന്റെ നിരീക്ഷണ ക്യാമറകളെ ഭയന്നുള്ള ഓട്ടമാണിത്. പാറക്കെട്ടിനിടയിൽ ഒളിച്ചാലും പൊലീസ് കണ്ണുമായി പറക്കുന്ന ഡ്രോണുകൾ പിടികൂടുന്ന സ്ഥിതി. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ പിന്നാലെ പറന്നു ദൃശ്യങ്ങൾ പകർത്തുമെന്നതിനാൽ ഓടിയിട്ടും കാര്യമില്ല. മലപ്പുറത്ത് പൊലീസ് പറത്തിയ ഡ്രോണിനു ‘റ്റാറ്റാ’ കൊടുക്കാൻ വീടു വിട്ടിറങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലയിൽ പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ ഇതുവരെ പതിഞ്ഞ കൗതുക കാഴ്ചകളിൽ ചിലത് ഇതാ...

പൊന്നാനി  ‘പറപറന്നു’

യുദ്ധവിമാനം പറന്നു വരുന്നതിനു സമാനമായ കാഴ്ചയായിരുന്നു പൊന്നാനി തീരദേശത്തു പൊലീസിന്റെ ഡ്രോൺ എത്തിയപ്പോൾ. കടലോരത്തു മുക്കിലും മൂലയിലും കൂടി നിന്നവർ വരെ ചിതറിയോടി. ഓടുന്നവരുടെ പിന്നാലെ ഡ്രോണും പറന്നു. അടുത്തെത്തുമെന്നു കണ്ടപ്പോൾ ഉടുമുണ്ട് ഊരി തലയിൽ കെട്ടി ഓടിയവർ വരെ കൂട്ടത്തിലുണ്ട്. ഡ്രോണിൽ മുഖം പതിയാതിരിക്കാനാണു മുഖം പൊത്തി ഓടാൻ ശ്രമിച്ചത്. വിട്ടുകൊടുക്കില്ലെന്ന വാശിയിൽ തന്നെയായിരുന്നു ഡ്രോൺ. പോകാവുന്ന അറ്റം വരെ പറന്നു ദൃശ്യങ്ങൾ പകർത്തി ആളുകളെ ഓടിച്ചു.

ജില്ലയിൽ പൊലീസ് ഡ്രോണിന്റെ ആദ്യ പരീക്ഷണം പൊന്നാനി തീരത്തായിരുന്നു. കടലോരത്തു വന്നിറങ്ങിയ പൊലീസിനെ കണ്ടപ്പോൾ പലരും മരത്തിനു പിറകിലും കെട്ടിടങ്ങളുടെ മറവിലുമൊക്കെയായി ഒളിച്ചിരുന്നു. പക്ഷേ, കൂടെ ഡ്രോണുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. ഡ്രോൺ പറത്തി തുടങ്ങിയപ്പോഴാണു കാര്യം മനസ്സിലായത്. പൊലീസ് ജീപ്പിനു തൊട്ടടുത്തു ഒളിച്ചുനിന്നിരുന്നവർ വരെ ഓടി രക്ഷപ്പെട്ടു. കാര്യം മനസ്സിലാകാതെ കൗതുകത്തോടെ ഡ്രോണിനെ നോക്കിനിന്ന ചിലർ ശരിക്കുംപെട്ടു. ലാത്തി വീശി ആളുകളെ വിരട്ടി ഓടിക്കാനുള്ള ശ്രമം വരെ പരാജയപ്പെട്ട തീരദേശത്ത് ഡ്രോൺ പരീക്ഷണം വിജയമായെന്നാണു പൊലീസ് പറയുന്നത്.

തലമൂടി ഓടി യുവാക്കൾ; ബൈക്ക് നമ്പർ പകർത്തി ഡ്രോൺ

ടൗണിൽ പൊലീസ് പരിശോധന കർശനമാക്കിയതോടെ ഒന്നിച്ചുകൂടി സൊറ പറയാൻ പെരിന്തൽമണ്ണയിലെ ഒരു സംഘം യുവാക്കൾ തിരഞ്ഞെടുത്തതു ജൂബിലി റോഡ് തേക്കിൻകോടുള്ള ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പരിസരത്തെ റോഡാണ്. മുൻപും ഇവിടെ ആളുകൾ കൂടിയിരുന്നിട്ടുണ്ട്. പക്ഷേ, ഇതുവരെ പൊലീസിന്റെ കണ്ണിൽപെട്ടിട്ടില്ല. സൊറ പറയുന്നതിനിടെയാണു അപ്രതീക്ഷിതമായി ഡ്രോൺ പറന്നെത്തിയത്. അപകടം മണത്ത സംഘം തലമൂടി ഓടി രക്ഷപ്പെട്ടു. പക്ഷേ, താഴ്‌ന്നു പറന്ന ഡ്രോൺ വിട്ടില്ല. സംഘം നിർത്തിയിട്ട ബൈക്കിന്റെ നമ്പർ കൃത്യമായി രേഖപ്പെടുത്തി. ഈ നമ്പർ പരിശോധിച്ച എസ്‌ഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് 3 ബൈക്ക് ഉടമകളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.

ക്വാറിയിൽ ‘മുങ്ങിയാലും’ പൊക്കും

ലോക്ഡൗൺ കാരണം വീട്ടിനുള്ളിലിരുന്നു മടുത്തപ്പോൾ വേങ്ങരയിലെ 8 സുഹൃത്തുക്കൾ ബോറടി മാറ്റാൻ കണ്ടെത്തിയ മാർഗമായിരുന്നു ചൂണ്ടയിട്ടുള്ള മീൻപിടിത്തം. ഇതിനായി ‘സേഫായ’ സ്ഥലം തന്നെ അവർ കണ്ടെത്തി. വേങ്ങര ചേറൂരിലെ ഉൾപ്രദേശമായ മഞ്ഞേങ്ങരയിലെ ക്വാറിയിലാണു മീൻപിടിത്തം നടത്തിയത്. ആരും വഴി തെറ്റി പോലും എത്തിപ്പെടാത്ത സ്ഥലം.

സുഹൃത്തുക്കൾ മാറിമാറി ചൂണ്ടയിട്ടു കൊണ്ടിരുന്നു. ഏതാനും മീനുകളെ കിട്ടിയപ്പോൾ ഹരമായി. ഇതിനിടെ പൊലീസ് ഡ്രോൺ മൂളിയെത്തിയതൊന്നും അറിഞ്ഞില്ല. ഡ്രോണിനെ പിന്തുടർന്നെത്തിയ പൊലീസുകാരെ കണ്ടപ്പോഴാണു അമ്പരന്നത്. ചിലർ ഓടി രക്ഷപ്പെട്ടു. എന്നാൽ ക്യാമറയിൽ മുഖം വ്യക്തമായി പതിഞ്ഞതിനാൽ മിനിറ്റുകൾക്കുള്ളിൽ എല്ലാവരും പിടിയിലായി. 8 പേർക്കെതിരെ കേസെടുത്തു.

വയൽവരമ്പത്തും പറന്നെത്തും

കൂട്ടിലങ്ങാടി പഞ്ചായത്തിലെ പാറടി കക്കാടുള്ള വയൽവരമ്പത്ത് കഴിഞ്ഞദിവസം ഒത്തുകൂടിയ യുവാക്കൾ പൊലീസിന്റെ പറക്കും കണ്ണുകൾ അവിടെ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പത്തോളം യുവാക്കൾ പാറടിയിലെ വയലോരത്തു ഇരിക്കുന്നതിനിടെയാണു മാനത്ത് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഉടൻ ഓടിയെങ്കിലും മലപ്പുറം എസ്ഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ പിന്തുടർന്നു. 4 പേരെ പിടികൂടി.