ഭക്ഷണം ഉറപ്പാക്കും; അതിഥി തൊഴിലാളികൾ സംഘം ചേരാതിരിക്കാന്‍ പൊലീസ്

ലോക്ക് ഡൗണ്‍ തീരുന്നത് വരെ അതിഥി തൊഴിലാളികള്‍ സംഘം ചേരാതിരിക്കാന്‍ സകല മുന്‍കരുതലുമെടുത്തതായി ഐ.ജി എസ്. ശ്രീജിത്ത്. ഭക്ഷണത്തിനുള്ള സൗകര്യം ഉറപ്പാക്കാന്‍ കെട്ടിട ഉടമയ്ക്ക് ജില്ലാഭരണകൂടവും സഹായം നല്‍കും. സംസ്ഥാനത്തെ മുഴുവന്‍ ക്യാംപിലുള്ളവരുടെയും കൃത്യമായ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയെന്നും ഐ.ജി കോഴിക്കോട് മനോരമ ന്യൂസിനോട് പറഞ്ഞു.

ആഹാരം, വസ്ത്രം, താമസം തുടങ്ങി മതിയായ സൗകര്യങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പായിപ്പാടും, പെരുമ്പാവൂരും തൊഴിലാളികള്‍ സംഘം ചേര്‍ന്നത് പാഠമാണ്. സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇവരുടെ കൃത്യമായ കണക്ക് ശേഖരിച്ചു. പൊലീസിന്റെ മേല്‍നോട്ടത്തില്‍ വിവിധ സന്നദ്ധസംഘടനകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്‍കി. വ്യാജസന്ദേശമയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. ലോക്ക് ഡൗണ്‍ പ്രതിസന്ധിയുടെ യാഥാര്‍ഥ്യം മനസിലാക്കിയ തൊഴിലാളികള്‍ പൂര്‍ണമായും ക്യാംപുകളില്‍ കഴിയുകയാണെന്നും ഐ.ജി പറഞ്ഞു. 

വിശ്രമമില്ലാതെ ജോലി നോക്കിയിരുന്ന പലരും വീട്ടിനുള്ളിലിരിക്കാന്‍ നിര്‍ബന്ധിതരായതാണ് പ്രതിസന്ധി. ഹോം ഗാര്‍ഡുമാരുടെ സഹായത്തോെട ഇവരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഐ.ജിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.