യു.പ്രതിഭയ്ക്ക് ഡിവൈഎഫ്ഐയുടെ പരസ്യവിമര്‍ശനം; ഈഗോയെന്ന് തിരിച്ചടിച്ച് എംഎൽഎ

കായംകുളം എം.എല്‍.എ, യു.പ്രതിഭയെ പരസ്യമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ നേതാക്കള്‍. ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സമയത്ത് ഓഫിസുംപൂട്ടി എം.എല്‍.എ വീട്ടിലിരിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. കായംകുളത്തെ പാര്‍ട്ടി വിഭാഗീതയതുടെ ഭാഗമായാണ് വിമര്‍ശനമെന്നാണ് സൂചന. ചിലര്‍ക്ക് തന്നോട് ഈഗോ ആണെന്ന് എം.എല്‍,എയും തിരിച്ചടിച്ചു.  

ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്‍, ജില്ലാകമ്മിറ്റി അംഗം മിനിസ ജബ്ബാര്‍ തുടങ്ങി സംഘടനയുടെ ഭാരവാഹികളും പ്രവര്‍ത്തകരമാണ് സമൂഹമാധ്യമങ്ങളിലൂടെ യു പ്രതിഭാ എം.എല്‍എയെ നിശിതമായി വിമര്‍ശിച്ചത്. എം.എല്‍.എ ഓഫിസ് തുറന്നുപ്രവര്‍ത്തിക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ബന്ധപ്പെട്ടിട്ടും ഓരാഴ്ചയായി ഓഫിസ് തുറക്കുന്നില്ല. പാര്‍ട്ടി നിശ്ചയിച്ച സ്റ്റാഫുപോലും ഓഫിസില്‍ വരുന്നില്ല. അവര്‍ക്ക് മടിയാണെങ്കില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിന് തയ്യാറാണെന്നും കുറുപ്പില്‍ പറയുന്നു. കോന്നി എം.എല്‍എയടക്കം സജീവമായി രംഗത്തുളളപ്പോഴാണ് കായംകുളം എം.എല്‍.എ ഫോണ്‍ പോലും എടുക്കാതെ വീട്ടിലൊളിച്ചതെന്നും താരതമ്യം ചെയ്താണ് വിമര്‍ശനം.

ജനപ്രതിനിധികളോട് വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല, അങ്ങനെ ചെയ്താല്‍ നാടിന്റെ അവസ്ഥ എന്താവുമെന്നും ഡിവൈഎഫ്ക്കാര്‍ ചോദിക്കുന്നു. എന്നാല്‍ പാര്‍ട്ടികമ്മിറ്റികളില്‍ പറയേണ്ട കാര്യം ചിലര്‍ പരസ്യമായി പറയുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്ന് ഡി.വൈ.എഫ്.ഐയിലെ തന്നെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസനെ പുകഴ്ത്തുകയും എം.എല്‍എയെ ഇകഴ്ത്തുകയും ചെയ്യുന്നതില്‍ പാര്‍ട്ടി വിഭാഗീതയാണ് കാരണമെന്ന് വ്യക്തമായിട്ടുണ്ട്