വിജനമായി നിരത്തുകള്‍; കരുതലോടെ നീങ്ങി പോത്തന്‍കോട്

കോവിഡ് സ്ഥിരീകരിച്ചയാള്‍ മരിച്ചതോടെ തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തില്‍ സമ്പൂര്‍ണ നിയന്ത്രണം. പഞ്ചായത്തില്‍ റേഷന്‍ കടകള്‍ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ ഒമ്പതുമണിവരെ മാത്രമെ തുറന്നുള്ളു. അതേസമയം മരിച്ച അബ്ദുള്‍ അസീസിന് കോവിഡ് ബാധ എവിടെ നിന്നാണ് ലഭിച്ചതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

  

അതീവ ജാഗ്രതയിലാണ് പോത്തന്‍കോട്. പലചരക്ക് പച്ചക്കറി കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഒമ്പത് മണി വരെ മാത്രമാണ് പ്രവര്‍ത്താനാനുമതി. റേഷന്‍ കടകള്‍ക്ക് നിലവില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. പഞ്ചായത്തിനെ വിവരം അറിയിച്ചാല്‍ ആവശ്യസാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീട്ടിലെത്തിച്ച് നല്‍കും. പഞ്ചായത്തിന് പുറത്തേക്കോ അകത്തേക്കോ വാഹനങ്ങളും കടത്തിവിടുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരൊഴിച്ച് മറ്റാരും മൂന്നാഴ്ചത്തേക്ക് പുറത്തിറങ്ങരുതെന്ന കര്‍ശന നിയന്ത്രണങ്ങളുള്ളതുകൊണ്ടുതന്നെ വിജനമാണ് നിരത്തുകള്‍. തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മുഴുവന്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സമീപ പഞ്ചായത്തുകളായ മാണിക്കല്‍, മംഗലപുരം, വെമ്പായം, ആണ്ടൂര്‍ക്കോണം പഞ്ചായത്തുകളിലും സമാനമാണ് നിയന്ത്രണങ്ങള്‍.

അതേസമയം അബ്ദുള്‍ അസീസിന് രോഗം പിടിപെട്ടത് ആരില്‍ നിന്നാണെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അബ്ദുള്‍ അസീസ് പങ്കെടുത്ത വിവാഹചടങ്ങിന്റ ദൃശ്യങ്ങള്‍ പരിശോധിച്ച് പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്. നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലം വരുന്നതോടെ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.