പാലക്കാടെത്തുന്നവർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം; പട്ടാമ്പിയിൽ നിരോധനാജ്ഞ

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാട് അതിര്‍ത്തിയില്‍ എത്തുന്നവര്‍ പതിനാലുദിവസം സര്‍ക്കാര്‍ ഒരുക്കുന്ന നിരീക്ഷണകേന്ദ്രത്തില്‍ കഴിയണം. ജില്ലയില്‍ താമസകേന്ദ്രങ്ങള്‍ ക്രമീകരിച്ചതായി പാലക്കാട് കലക്ടര്‍ ഡി ബാലമുരളി അറിയിച്ചു. കഴിഞ്ഞദിവസം ട്രെയിനില്‍ എത്തിയ യാത്രക്കാരെയും അതിര്‍ത്തി ചെക്പോസ്റ്റുകളിലെത്തിയവരെയും െഎസലേഷനിലാക്കി. പ്രതിസന്ധികളുണ്ടെങ്കിലും നെല്ലുസംഭരണവും കൊയ്ത്തും മുടങ്ങുകയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. 

അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ എത്തുന്നവരെ പരിശോധനയ്ക്ക് ശേഷം കേരളത്തിലേക്ക് കടത്തിവിടുന്നത് ഇനി ഉണ്ടാവില്ല. സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രത്തില്‍ താമസിപ്പിക്കും. കഴിഞ്ഞദിവസം ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിനില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നൂറ്റിമുപ്പത്തിെയാന്ന് യാത്രക്കാരും സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രത്തിലാണ്. പതിനാലു ദിവസത്തിന് ശേഷം മാത്രമേ ഇവിടെ നിന്ന് പുറത്തുവിടുകയുളളു.

  അട്ടപ്പാടിയിലേക്ക് പുറത്തു നിന്നുളളവര്‍ക്ക് നിരോധനമുണ്ട്. പട്ടാമ്പിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പട്ടാമ്പി, ഒറ്റപ്പാലം മേഖലയിലാണ് വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ ഏറ്റവും കൂടുതലുളളത്. 

    നെല്ലുസംഭരണവും കൊയ്ത്തുമാണ് പാലക്കാട് ജില്ലയിലെ മറ്റൊരു പ്രശ്നം. കൊയ്ത്തുയന്ത്രങ്ങള്‍ പ്രാദേശികമായി ക്രമീകരിച്ച് നെല്‍കര്‍ഷകരെ സഹായിക്കാനാണ് തീരുമാനം. 

    പാലുംപച്ചക്കറിയും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ കയറ്റിയ വാഹനങ്ങളുടെ യാത്രയ്ക്ക് അതിര്‍ത്തിയില്‍ തടസമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.