പുതിയ കോവിഡ് കേസില്ല; കാസർകോടിന് നേരിയ ആശ്വാസം

കാസര്‍കോട് ജില്ലയില്‍ ഇന്നലെ പുതിയ കോവിഡ്– 19 രോഗബാധിതര്‍ ഉണ്ടാകാതിരുന്നത് ജില്ലഭരണകൂടത്തിന്റെയും, ആരോഗ്യവകുപ്പിന്റെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സ്രവപരിശോധനഫലങ്ങളാണ് ഇനി വരാനുള്ളതില്‍ ഭൂരിഭാഗവും. ഇന്നും, നാളേയും സമാനസ്ഥിതി തുടര്‍ന്നാല്‍ ആശങ്ക ഒരുപരിധിവരെ ഒഴിയുമെന്നാണ് വിലയിരുത്തല്‍.

കോവിഡ്–19 സമൂഹവ്യാപനത്തിന്റെ അരികില്‍ എത്തിയെന്ന വിവരം കൂടുതല്‍ ആശങ്ക ഉയര്‍ത്തിയത് കാസര്‍കോടായിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ സഞ്ചാരപഥവും, സമ്പര്‍ക്കവലയവും കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തത് ഈ ആശങ്കയുടെ ആക്കം കൂട്ടി. അതുകൊണ്ടുതന്നെയാണ് രോഗിയുമായി ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തി നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലങ്ങളെ ആകാംഷയോടെ അധികൃതര്‍ ഉറ്റുനോക്കുന്നതും. ഇന്നും, നാളേയുമായി വരുന്ന ഇരുന്നൂറോളം ഫലങ്ങള്‍ കൂടി നെഗറ്റിവ് ആയാല്‍ മാത്രമെ 

ആശങ്കയുടെ കാര്‍മേഘം ഒഴിയുകയുള്ളു.

കോവിഡ് ആശുപത്രിയായി മാറുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഏഴ് വെന്റിലേറ്ററുകളടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദ്ദേശിക്കുന്നവരുടെ സാമ്പിളുകള്‍ മാത്രം ഇനിമുതല്‍ വിദഗ്ദ്ധപരിശോധനയ്ക്ക് ശേഖരിച്ചാല്‍ മതിയെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം ലോക്ഡൗണിന്റെ പശ്ചാതലത്തില്‍ ജില്ലയില്‍ പൊലീസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ജില്ലയുടെ മലയോരമേഖലയിലും, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ തുടങ്ങി കണ്ണൂരിനോട് ചേര്‍ന്ന പ്രദേശങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും.