ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും കൈകോർത്തു; ഒറ്റ പകലിൽ ഐസൊലേഷൻ വാർഡായി

രാഷ്ട്രീയ വൈരം മറന്ന് കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പൊരുതാന്‍ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇടുക്കി രൂപതയുടെ കൈവശമുണ്ടായിരുന്ന കരുണ ആശുപത്രിയാണ് ഇവര്‍ ഒരുമിച്ച് ശുചീകരിച്ചത്. ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരമാണ് മുന്‍കരുതലെന്ന നിലയില്‍ നെടുങ്കണ്ടത്ത് ഐസൊലേഷനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ചയാണ് കെട്ടിടം അതിരൂപത ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ദീർഘനാളായി അടച്ചിട്ട കെട്ടിടം വൃത്തിയാക്കാൻ ജില്ലാ ഭരണകൂടം യുവജനസംഘടനകളുടെ പിന്തുണ തേടുകയായിരുന്നു. തുടർന്നാണ് യൂത്ത്കോൺഗ്രസ്–ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയത്. 

മാസങ്ങളായി അടഞ്ഞ് കിടന്നതോടെ ആശുപത്രി പരിസരം കാട് പിടിച്ചും ഉള്‍ വശം പൊടി നിറഞ്ഞ അവസ്ഥയിലുമായിരുന്നു. നൂറോളം വരുന്ന പ്രവര്‍ത്തകര്‍ വിവിധ ബാച്ചുകളായി തിരിഞ്ഞാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. മുറികളും കട്ടിലുകളും അനുബന്ധ ഉപകരണങ്ങളും കഴുകി വൃത്തിയാക്കി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

ജില്ലയിലെ ആറാമത്തെ ഐസൊലേഷന്‍ സെന്ററാണ് നെടുങ്കണ്ടത്ത് ഒരുക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിയ്ക്കുന്നതിനും ഫലം അറിയുന്നത് വരെ ഐസൊലേഷനില്‍ കഴിയുന്നതിനും സൗകര്യം ഒരുക്കും. 50 കിടക്കകള്‍, ഐസിയു സൗകര്യം എന്നിവയാണ് ഏര്‍പ്പെടുത്തുന്നത്. ആശുപത്രിയുടെ കെട്ടിടം, കട്ടിലുകള്‍, ഐസിയു സൗകര്യങ്ങള്‍ എന്നിവയാണ് താത്കാലികമായി ആരോഗ്യ  വകുപ്പ് ഏറ്റെടുക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോ. കരോളിനാണ് പ്രവര്‍ത്തനങ്ങളുടെ ചുമതല.