സിസിടിവി തുണച്ചു; കോവിഡ് ബാധിതൻ ഭക്ഷണം കഴിച്ച കട കണ്ടെത്തി

പത്തനംതിട്ടയിലെ കോവിഡ് ബാധിതൻ ഭക്ഷണം കഴിച്ച കട ഒടുവിൽ ആരോഗ്യപ്രവർത്തകർ കണ്ടെത്തി. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് കീഴായിക്കോണത്തെ കട കണ്ടെത്തിയത്. കീഴായിക്കോണത്തെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ നാട്ടിൽ ആകെ പരിഭ്രാന്തി പടർന്നിരുന്നു.

ഖത്തറിൽ നിന്നും 20നാണ് പത്തനംതിട്ട സ്വദേശി തിരുവനന്തപുരത്തത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ പുലർച്ചെ നാലുമണിയോടെ വെഞ്ഞാറമൂടിന് സമീപമുള്ള കടയിൽ നിന്ന് ഭക്ഷണം കഴിച്ചെന്നായിരുന്നു ഇയാൾ നൽകിയ വിവരം. ഡ്രൈവറുടെ സഹായത്തോടെ പൊലീസും ആരോഗ്യപ്രവർത്തകരും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

തുടർന്ന് സിസിടിവികൾ പരിശോധിച്ചപ്പോഴാണ് ഡ്രൈവർ ചായ വാങ്ങി പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ഈ കട 23–ാം തിയതി വരെ തുറന്ന് പ്രവർത്തിച്ചിരുന്നു. നെടുമങ്ങാട് സ്വദേശികളായ ദമ്പതികളുടേതാണ് കട. ഇവരോട് നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.