മക്കളെ നാട്ടിലെത്തിക്കണം; കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്ക് നടന്ന് രക്ഷിതാക്കൾ

നഴ്സിങ് വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ രക്ഷിതാക്കൾ കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കു നടന്നതു 10 കിലോമീറ്റർ. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ 12 പേരെ നെടുങ്കണ്ടത്ത് എത്തിക്കാനാണ് മാതാപിതാക്കളും പഞ്ചായത്തംഗവും കമ്പംമെട്ടിൽ നിന്നു കമ്പത്തേക്ക് 10 കിലോമീറ്റർ കാൽനടയായി നടന്നത്.  നെടുങ്കണ്ടം  പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോണി പുതിയാപറമ്പിലിന്റെ നേതൃത്വത്തിൽ വിദ്യാർഥിനികളെ സുരക്ഷിതമായി നെടുങ്കണ്ടത്ത് എത്തിച്ചു.

കോവിഡ്–19 ന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കുന്നതിന്റെ ഭാഗമായി വിദ്യാർഥിനികളെ  സ്വന്തം സ്ഥലങ്ങളിലേക്കു  വിടണമെന്ന് കോളജ് അധികൃതരോട് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും ആരോഗ്യ മേഖലയായതിനാൽ സംരക്ഷണം ലഭിക്കുമെന്നും  അവധി അനുവദിക്കാൻ കഴിയില്ലെന്നും  കോളജ് അധികൃതർ വിദ്യാർഥിനികളുടെ മാതാപിതാക്കളെ  അറിയിച്ചു. ഈ ആശ്വാസത്തിലിരിക്കെയാണ് തിങ്കളാഴ്ച രാവിലെ 11.30 ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനും ഹോസ്റ്റലുകൾ പൂട്ടാനും തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയത്. 

തഞ്ചാവൂരിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ തയാറെടുത്തെങ്കിലും പൊതുഗതാഗതം ഇല്ലാത്തതിനാൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ നാട്ടിലേക്ക് വിദ്യാർഥിനികളെ അയയ്ക്കുവാൻ സാധിക്കുകയുള്ളൂവെന്ന് ഹോസ്റ്റൽ അധികൃതർ  പറഞ്ഞു. തുടർന്ന് കോഴിമല, എഴുകുംവയൽ, ഇരട്ടയാർ, വാഴവര, മാവടി, പാലാ, തൃശൂർ, കൂവപ്പള്ളി,എറണാകുളം എന്നീ മേഖലകളിലെ 12 വിദ്യാർഥിനികളുടെ മാതാപിതാക്കൾ തമ്മിൽ ആശയ വിനിമയം നടത്തി പഞ്ചായത്തംഗത്തിന്റെ  നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് 5.30 ന് കമ്പംമെട്ടിൽ എത്തി.  ഇവരുടെ വാഹനം അതിർത്തി കടത്തി വിടാൻ തമിഴ്‌നാട് ചെക്പോസ്റ്റ് അധികൃതർ തയാറായില്ല. തുടർന്നായിരുന്നു കാൽനടയായി നടക്കാനുള്ള തീരുമാനം.