'എല്ലാം അല്‍പം കൂടി വേഗത്തിലായിരുന്നുവെങ്കിൽ..'; വെളിപ്പെടുത്തി നഴ്സ്

ഹ്യദ്രോഗത്തിനായി മരുന്ന് വാങ്ങാനുളള യാത്രയാണ്, കെഎസ്ആർടിസി സമരത്തിനിടെ കുഴഞ്ഞു വീണു മരിച്ച സുരേന്ദ്രന്റെ അന്ത്യയാത്രയായത്. സമരമാണ് ഭർത്താവിന്റെ ജീവനെടുത്തതെന്ന് ഭാര്യ പ്രമീള പറഞ്ഞു. മൃതദേഹം എത്തിക്കാൻ സ്വന്തമായി വീട് പോലുമില്ലാത്ത ദുരവസ്ഥയിലാണ് കുടുംബം. ചികിത്സ ലഭിക്കാൻ പതിനഞ്ച് മിനിറ്റോളം വൈകിയെന്ന് കുഴഞ്ഞ് വീണപ്പോൾ പ്രഥമ ശുശ്രുഷ നൽകാൻ തയാറായ നഴ്സ് രഞ്ചു പറഞ്ഞു.

മരുന്ന് വാങ്ങാൻ ഇറങ്ങിയ ഭർത്താവിന്റെ മരണവാർത്ത കേട്ടതിന്റെ ആഘാതത്തിലാണ് പ്രമീള. പ്രതിമാസം അയ്യായിരം രൂപയുടെ മരുന്ന് വേണമെന്നതിനാലാണ് കിലോമീറ്ററുകൾ പിന്നിട്ട് വിലക്കുറവുള്ള കട നോക്കി തിരുവനന്തപുരത്തെത്തിയത്. മരുന്ന് വാങ്ങി മണിക്കൂറുകൾ കാത്ത് നിന്നെങ്കിലും ബസ് കിട്ടാതെ വന്നതോടെ ഭക്ഷണവും മരുന്നുമെല്ലാം മുടങ്ങി.

ലോറി ഡ്രൈവറായിരുന്ന സുരേന്ദ്രന് മുന്ന് വർഷം മുമ്പ് ഹൃദയാഘാതമുണ്ടായതോടെ ജോലിയും വരുമാനവുമില്ലാതെയായി. പെൺമക്കളുടെ കല്യാണത്തിനായി വീടും വിൽക്കേണ്ടി വന്നതിനാൽ ബന്ധുവീടുകളാണ് ഇപ്പോൾ ആശ്രയം. 

നൂറ് കണക്കിനളുകൾ നോക്കി നിൽക്കെ കുഴഞ്ഞ് വീണ സുരേന്ദ്രന്റെ ജീവൻ രക്ഷിക്കാൻ സന്മനസ് കാട്ടിയ ആ യുവതി ,തിരുവനന്തപുരം പി.ആർ. എസ് ആശുപത്രിയിലെ നഴ്സ് ബി. രഞ്ചുവാണ്. അൽപം കൂടി വേഗത്തിൽ ആശുപത്രിയിലെത്തിക്കാനായെങ്കിൽ സുരേന്ദ്രന്‍ ജീവനോടെയുണ്ടാകുവായിരുന്നുവെന്നാണ് രഞ്ചുവിനും പറയാനുള്ളത്.