അതിരപ്പിള്ളിയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു

അതിരപ്പിള്ളി , വെറ്റിലപ്പാറ മേഖലയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ വാഴകൾ കരിഞ്ഞുണങ്ങി ഒടിഞ്ഞു വീണു. ആയിരത്തിലേറെ വാഴകളാണ് ഇങ്ങനെ നശിച്ചത്.

കടുത്ത വേനൽ കൃഷിയിടങ്ങളെ ബാധിച്ചു തുടങ്ങി. കുലച്ച വാഴകൾ ഒടിഞ്ഞു വീണു. വെറ്റിലപ്പാറയിൽ ഭൂമി പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്യുന്ന കർഷകനാണ് ജോസ് വർക്കി . 35 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. ആയിരത്തിലേറെ വാഴകളാണ് കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി വീണത്. ഇടവിളയായ ചേനയും ചേമ്പും കരിഞ്ഞ് ഉപയോഗശൂന്യമായി . വിള ഇൻഷൂറൻസ് എടുത്തിട്ടുണ്ടെങ്കിലും  നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല. ഓരോ ദിവസവും ചൂട് കൂടുന്നത് തിരിച്ചടിയാണ്. വാഴകൾ നനച്ച് പ്രതിരോധിച്ചിട്ടും രക്ഷയില്ല. വെയിലിൻ്റെ കാഠിന്യത്തിൽ കാർഷിക വിളകളും നശിക്കുകയാണ്. 

വന്യമൃഗങ്ങളോട് പൊരുതിയാണ് കർഷകർ കൃഷിയിറക്കിയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി കടുത്ത ചൂട് വാഴകളെ നശിപ്പിച്ചത്. വേനലിലെ കാർഷിക നാശം കൃഷിഭവനുകളുടെ ശ്രദ്ധയിൽപ്പെടുത്തി.