ബുധനാഴ്ച സ്കൂൾ വാർഷികം; പൊന്നുവിന്റെ നൃത്തം; ഇന്നലെ അവധി; ഇന്ന് കണ്ണീരായി...

ഇന്നലെ ഇൗ സമയം അവൾക്കായുള്ള പ്രാർഥനയിലും അന്വേഷണത്തിലുമായിരുന്നു കേരളം. വീട്ടിലും സ്കൂളിലും പൊതുദർശനത്തിന് വച്ച ശേഷം ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കണ്ണീരടങ്ങാത്ത കാഴ്ചയായിരുന്നു നാട്ടിലും അവൾ പഠിച്ച സ്കൂളിലും. അവസാനമായി പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയെ കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. സഹപാഠികളും അധ്യാപകരും കണ്ണീരോടെയാണ് പൊന്നുവിനെ ഓർമിച്ചത്.

വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു മരിച്ച ദേവനന്ദ. ബുധനാഴ്ചയായിരുന്നു സ്കൂൾ വാർഷികാഘോഷം നടന്നത്. കൂട്ടുകാർക്കൊപ്പം സംഘനൃത്തത്തിൽ മിടുക്കിയായി ദേവനന്ദ പങ്കെടുത്തിരുന്നു. ബുധനാഴ്ച പരിപാടി കഴിഞ്ഞ സ്കൂളിന് അധികൃതർ അവധി നൽകിയിരുന്നു. അതുകൊണ്ടാണ് ഇന്നലെ ദേവനന്ദ വീട്ടിലായിരിക്കാൻ കാരണം. ഒരു പക്ഷേ ഇന്നലെ സ്കൂളിന് പ്രവൃത്തി ദിനമായിരുന്നെങ്കിൽ ഇൗ ദുരന്തം സംഭവിക്കില്ലായിരുന്നു എന്ന് കണ്ണീരോടെ അധ്യാപകർ പറയുന്നു.

ഇന്നലെത്തെ അവധി കഴിഞ്ഞ് ഇന്ന് ദേവനന്ദയുടെ ചലനമറ്റ ദേഹമാണ് സ്കൂളിലേക്കെത്തിയത് എന്നത് സഹപാഠികളുടെ ഉള്ളുലയ്ക്കുന്നു. അവൾക്കായി അവസാനത്തെ പൂക്കൾ അർപ്പിച്ച ശേഷം വിങ്ങിപ്പൊട്ടുന്ന കൂട്ടുകാർ നാടിന് നൊമ്പരമായി.