മെട്രോയെയും വിമാനത്താവളത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ ഇനി പവന്‍ദൂത്

കൊച്ചി മെട്രോയെയും വിമാനത്താവളത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ ഇനി പവന്‍ദൂത്. കൊച്ചി മെട്രോയുടെ വിമാനത്താവള ഫീഡര്‍ ബസ് സര്‍വീസായ പവന്‍ദൂത് സര്‍വീസ് തുടങ്ങി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.  

കൊച്ചി മെട്രോയിലൂടെ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് പവന്‍ദൂത്. ആലുവ മെട്രോ സ്റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് ഒരോ നാല്‍പത് മിനിട്ടിലും പവന്‍ദൂത് ബസുകള്‍ സര്‍വീസ് നടത്തും. രാവിലെ 5.40നാണ് ആദ്യ സര്‍വീസ്. വിമാനത്താവളത്തിന്‍റെ ആഭ്യന്തര രാജ്യാന്ത്ര ടെര്‍മിനലുകളില്‍ പവന്‍ദൂതിന് സ്റ്റോപ്പുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യഘട്ടത്തില്‍ രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. പൂര്‍ണമായും വൈദ്യുതി ഇന്ധനമായുള്ള ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. 

സിയാല്‍ ഡയറക്ടര്‌‌ വിജെ കുര്യനാണ് പവന്‍ദൂതിന്‍റെ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. കൊച്ചി മെട്രോ എംഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ ആദ്യയാത്രക്കാരന് ടിക്കറ്റ് നല്‍കി.