മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്‍മിക്കാൻ നീക്കം; തടഞ്ഞ് നാട്ടുകാർ

മലപ്പുറം നിലമ്പൂര്‍ നഗരസഭയിലെ മുതുകാട് മാലിന്യസംസ്ക്കരണ പ്ലാന്റ് നിര്‍മിക്കാനുളള നീക്കം നാട്ടുകാര്‍ തടഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരാമെന്ന ധാരണയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്

നഗരസഭയുടെ ഭൂമിയില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്ന കേന്ദ്രത്തിന്റെ തറക്കല്ലിടാനാണ് തീരുമാനിച്ചത്. കെട്ടിട നിര്‍മ്മാണത്തിനായി കുറ്റിയടിക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെയാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. ഹരിതകേരള മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിടാനെത്തുമെന്ന് നഗരസഭയെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒടുവില്‍ പിന്‍മാറി.

വാര്‍ഡ് കൗണ്‍സിലര്‍ തന്നെ നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധവുമായെത്തിയിരുന്നു. 20 വര്‍ഷം മുന്‍പ് നഗരസഭ ഏറ്റെടുത്ത ഭൂമിയുടെ പരിസരങ്ങളെല്ലാം ഇപ്പോള്‍ ജനവാസകേന്ദ്രമാണ്. കേന്ദ്രം വരുന്നതോടെ പരിസരത്തെ ജലസ്രോതസുകള്‍ മലീമസമാകുമെന്ന നാട്ടുകാര്‍ പറയുന്നു. 

യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ് പ്രദേശത്ത് മാലിന്യസംസ്ക്കരണ കേന്ദ്രം ആരംഭിക്കാന്‍ നീക്കം നടത്തുന്നതെന്നാണ് ആക്ഷേപം.