നാടില്ലാത്തവരുടെ നിലവിളിയുമായി ഒരു നാടകം; തൃശ്ശൂരിലെ അരങ്ങിൽ ബ്രിട്ടീഷ് സംഘം

കുടിയേറ്റക്കാരുടെ ജീവിത അനുഭവങ്ങള്‍ പറയുന്ന നാടകവുമായി ഇംഗ്ലണ്ട് സംഘം അരങ്ങില്‍ എത്തി. തൃശൂരില്‍ നടക്കുന്ന രാജ്യാന്തര നാടകോല്‍സവ വേദിയിലാണ് ഇംഗ്ലണ്ട് സംഘത്തിന്റെ നാടകം അവതരിപ്പിച്ചത്.  

നാടില്ലാത്തവരുടെ നിലവിളിയാണ് ഈ നാടകം. ഇംഗ്ലണ്ടില്‍ നിന്നുള്ള ഫ്യുവല്‍ പ്രൊഡക്ഷന്‍ ലിമിറ്റഡാണ് നാടകം അവതരിപ്പിച്ചത്. ഒന്നര മണിക്കൂറായിരുന്നു ദൈര്‍ഘ്യം. ലണ്ടനില്‍ എഴുത്തുകാരനും ഗ്രാഫിക്സ് ഡിസൈനറുമായി ജോലി ചെയ്യുന്ന യുവാവിന്റെ കഥയാണ് പ്രമേയം. നൈജീരിയയിലും ഇംഗ്ലണ്ടിലും അയര്‍ലന്‍റിലും ജീവിച്ച യുവാവ് നേരിട്ട വ്യത്യസ്ത അനുഭവങ്ങളാണ് നാടകത്തില്‍. സ്വന്തമായി നാടില്ലാത്തവര്‍ അനുഭവിക്കുന്ന ദുരിതമാണ് ഏകാംഗ പ്രകടനത്തിലൂടെ സദസിന്റെ മുമ്പിലേക്ക് എത്തിച്ചത്.

കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ചുള്ള ഭയമാണ് കഥാപാത്രം പകരുന്ന വികാരം. നാടകാവതരണത്തിലൂടെ സാമൂഹികമായ മാറ്റമാണ് ഉന്നമിടുന്നത്. ഒരുഭാഗത്ത് രാജ്യമില്ലാത്തവരുടെ സങ്കടം. മറുവശത്ത് മതമൗലികവാദികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍. ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഈ നാടകം അവതരിപ്പിച്ച ശേഷമാണ് ബ്രിട്ടീഷ് സംഘം തൃശൂര്‍ രാജ്യാന്തര നാടകോല്‍സവത്തില്‍ എത്തുന്നത്.