കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ടയർ കമ്പനിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ടയർ കമ്പനിക്ക് തീപിടിച്ചു. തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിനായി പുറത്തു പോയതിനാൽ അപകടം ഒഴിവായി.

കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഗോൾഡൻ പോളി പാക്ക്സ് എന്ന ടയര്‍കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പുറത്തെ പുല്ലിന് തീപിടിച്ചത് സ്ഥാപനത്തിലേക്ക് ബാധിക്കുകയായിരുന്നു. കൂടിക്കിടന്ന ടയറുകള്‍ തീപടരുന്നതിന് ആക്കം കൂട്ടി. ഇൗ സമയത്ത് തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിനായി പുറത്തുപോയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. എഴു പേരാണ് ജോലിയിലുണ്ടായിരുന്നത്. കഞ്ചിക്കോട് നിന്ന് അഗ്നിശമന സേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. എല്ലാ കമ്പനികളിലും തീയണയ്ക്കല്‍ സംവിധാനം ഉറപ്പാക്കണമെന്ന് നേരത്തെ തന്നെ എല്ലാ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നതാണ്. പലരും നടപ്പാക്കിയിട്ടില്ല. 

പെരിന്തൽമണ്ണ സ്വദേശിയായ ഹാരിസിന്റെ ഉടമസ്ഥതയിലുളളതാണ് കമ്പനി. മാസങ്ങള്‍ക്കു മുന്‍പും വ്യവസായ മേഖലയിലെ ചില സ്ഥാപനങ്ങളില്‍ തീപിടിത്തമുണ്ടായിരുന്നു.