കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് വെളളമെത്തിക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് മലമ്പുഴ അണക്കെട്ടില്‍ നിന്ന് വെളളമെത്തിക്കുന്ന പദ്ധതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രവര്‍ത്തനം തുടങ്ങിയാല്‍ എലപ്പുളളിയിലെ സ്വകാര്യ മദ്യനിര്‍മാണ കമ്പനി ഉള്‍പ്പെടെ ജലചൂഷണം നടത്തുമെന്നാണ് കര്‍ഷകരുടെ ആശങ്ക. 

ഒന്നരവര്‍ഷത്തിലേറെയായി പാലക്കാട്ടെ കര്‍ഷകര്‍ എതിര്‍ക്കുന്നതാണ് മലമ്പുഴയില്‍ നിന്ന് കഞ്ചിക്കോട്ടെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്ക് വെളളമെത്തിക്കാനുളള പൈപ്പ് ലൈന്‍. മലമ്പുഴയില്‍ നിന്ന് കാര്‍ഷികാവശ്യങ്ങള്‍ക്ക് വെളളം തരാന്‍ മടിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യവസായ മേഖലയിലേക്ക് വെളളം കടത്താന്‍ കോടികളുടെ പദ്ധതി നടപ്പാക്കുന്നതായാണ് കര്‍ഷകരുടെ ആരോപണം. കുടിക്കാനും കൃഷി ആവശ്യങ്ങള്‍ക്കും വെളളമെടുക്കാന്‍ മുന്‍ഗണന നല്‍കുന്നില്ല. പ്രതിവർഷം 912 കോടി ലീറ്റർ വെളളം മലമ്പുഴയില്‍ നിന്ന് കൊണ്ടുപോകുമെന്നാണ് ആശങ്ക. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ അനുവദിച്ച എലപ്പുളളിയിലെ സ്വകാര്യബ്രൂവറിക്കും ഇതേ പൈപ്പ് ലൈനിലൂടെ വെളളം കൊടുക്കേണ്ടിവരും. 

മലമ്പുഴയില്‍ നിന്ന് കനാലുകളിലൂടെ മുൻ കാലങ്ങളിൽ 90 ദിവസം ലഭിച്ചിരുന്ന വെള്ളം കഴിഞ്ഞ വർഷം 27 ദിവസമാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ കര്‍ഷകവിരുദ്ധ നിലപാട് സമരത്തിന് തീവ്രതയേകും.