ലോഹിയുടെ സ്മരണയ്ക്ക് മുന്നിൽ ആദരവോടെ മോഹൻലാൽ; മലയാള മനോരമ തിരക്കഥാ ക്യാമ്പിന് തുടക്കം

മണ്ണിന്‍റെ മണമുളള കഥാപാത്രങ്ങളെ മലയാളികള്‍ക്കു സമ്മാനിച്ച ലോഹിതദാസിന്‍റെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ ആദരമര്‍പ്പിച്ച് മലയാള മനോരമ തിരക്കഥാ ക്യാമ്പിന് കൊച്ചിയില്‍ തുടക്കമായി. ഫെഫ്ക റൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ചാണ് ത്രിദിന ക്യാമ്പ്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പത് യുവതിരക്കഥാകൃത്തുകള്‍ക്കു നടുവില്‍ നിന്നാണ് മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ ലോഹിതദാസിനെ മോഹന്‍ലാല്‍ അനുസ്മരിച്ചത് . ലോഹിതദാസ് എഴുത്തി പൂര്‍ത്തിയാക്കിയ ശേഷം  ചിത്രീകരണം നടത്തിയ  ഏക സിനിമ കിരീടം മാത്രമായിരുന്നെന്ന് ലാല്‍ അനുസ്മരിച്ചു. ദേശീയ അവാര്‍ഡ് നേട്ടത്തിന് തന്നെ അര്‍ഹനാക്കിയ ഭരതം പിറന്ന കഥയും ലാല്‍ ഓര്‍ത്തു.

ആര്‍ട്ടിസ്റ്റ് സുരേഷ്ബാബു വരച്ച ലോഹിതദാസിന്‍റെ കാരിക്കേച്ചര്‍ ചടങ്ങില്‍ ലാല്‍ ലോഹിതദാസിന്‍റെ ഭാര്യ സിന്ധുവിന് കൈമാറി. സിബി മലയിലും,കമലും,ബ്ലസിയുമടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ നിരയും ചടങ്ങിനെത്തിയിരുന്നു. എം.ടി.വാസുദേവന്‍ നായരടക്കം മലയാളത്തിലെ പ്രമുഖരായ തിരക്കഥാകൃത്തുകള്‍ കഥ തിരക്കഥ സംഭാഷണം എന്നു പേരിട്ട തിരക്കഥാ ക്യാമ്പില്‍ മൂന്നു ദിവസം ചെറുപ്പക്കാരുമായി സംവദിക്കും. ഞായറാഴ്ചയവസാനിക്കുന്ന ക്യാമ്പില്‍ നടന്‍ ഫഹദ് ഫാസിലുമെത്തും.