റോഡില്‍ ഇന്ന് പൊലിഞ്ഞത് 9 ജീവനുകള്‍; 4 ജീവനെടുത്തത് മദ്യലഹരിയിലെ ഡ്രൈവിങ്

വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ഒന്‍പത് പേര്‍ മരിച്ചു. തൃശൂര്‍ കൊറ്റനെല്ലൂരില്‍ യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ പാഞ്ഞു കയറിയാണ് നാലു കാല്‍നടയാത്രക്കാര്‍ മരിച്ചത്. മൈസൂരുവില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇരിട്ടി ചെമ്പന്‍തൊട്ടി സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ചെങ്ങന്നൂരിലും കണ്ണൂരിലുമായി ബൈക്കപകടങ്ങളില്‌‍‍ മൂന്നുജീവന്‍ പൊലിഞ്ഞു. 

ഇരിങ്ങാലക്കുട തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കാവടി ഉല്‍സവം കണ്ടു മടങ്ങുകയായിരുന്ന നാലു പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന കൊറ്റനെല്ലൂര്‍ സ്വദേശികളായ സുബ്രനും മകള്‍ പ്രജിതയും ബാബുവും മകന്‍ വിപിനുമാണ് മരിച്ചത്. കാവടി ഉല്‍സവം കഴിഞ്ഞ് ഒട്ടേറേ പേര്‍ വഴിയരികിലൂടെ നടന്നു പോയിരുന്നു. ഇവര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. കാറുമായി യുവാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ കാവടി നിരന്നതിനാല്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ പിടികൂടി ഇവരെ പൊലീസിന് കൈമാറി.  കാറോടിച്ചിരുന്ന ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി ധനലാല്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കാറിലുണ്ടായിരുന്ന മറ്റു നാലു യുവാക്കള്‍ക്കെതിരേയും പൊലീസ് മനപൂര്‍വമായ നരഹത്യയ്ക്കു കേസെടുത്തു. മൈസൂരുവില്‍ വാഹനാപകടത്തില്‍ ഇരിട്ടി ചെമ്പന്‍തൊട്ടി സ്വദേശി മാത്യു മേച്ചേരി, ഭാര്യ ലീലാമ്മ എന്നിവരാണ് മരിച്ചത്. മകന്‍ ലിന്‍സ് മാത്യുവിന്‍റെ നില അതീവഗുരുതരമാണ്. 

ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരുകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെങ്ങന്നൂരില്‍  എംസി റോഡില്‍ കൂട്ടിയിടിച്ച ബൈക്കുകൾ കെഎസ്ആർടിസി ബസിനടിയിൽ വീണ് ഏവൂർ ശ്രീരാഗത്തിൽഅഭിരാജ്, കാരയ്ക്കാട് അമ്പാടി ജയൻ എന്നിവരാണു മരിച്ചത്. കണ്ണൂര്‍ വളപട്ടണം ടോള്‍ ബൂത്തിന് സമീപം ബൈക്കിടിച്ച്  പാലിയേറ്റീവ് കെയര്‍ നഴ്സായ കളരിവാതുക്കല്‍ മഠത്തിലെ പ്രഭാവതി മരിച്ചു.