ഉത്തരവുകള്‍ കാറ്റില്‍ പറത്തി; കൊച്ചിയിലിപ്പോഴും സ്വകാര്യബസുകളുടെ മൽസരയോട്ടം

യാത്രക്കാരുടെ ജീവന് പുല്ലുവിലകല്‍പ്പിച്ച് കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുന്നു. ഇടപ്പള്ളിയില്‍ അമിതവേഗതയിലെത്തിയ ബസിടിച്ച് മകളോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത് അമ്മ മരിച്ചു. ഹൈക്കോടതി ഉത്തരവുകള്‍ പോലും കാറ്റില്‍ പറത്തി പായുന്ന ബസുകള്‍ക്കെതിരെ നടപടിയും പേരിന് മാത്രം.  

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇടപ്പള്ളി നീര്യങ്കാട്ട് സാജന്‍ വര്‍ഗീസിന്‍റെ  ഭാര്യ ബീന. ഇടപ്പള്ളി പള്ളിയിലെത്തി മകള്‍ ജിബിനയോടൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയ സ്കൂട്ടറിന് പുറകില്‍ ഫോര്‍ട്ട്കൊച്ചി ആലുവ റൂട്ടില്‍ ഓടുന്ന ബാദുഷ ബസാണ് ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ബീനയുടെ ശരീരത്തിലൂടെ  ബസ് കയറിയിറങ്ങി. ബീന സംഭവസ്ഥലത്തു തന്നെ മരിച്ചു. സമീപത്തെ നടപ്പാതയിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ മകള്‍ ജിബിന ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹൈക്കോടതി നിര്‍ദേശങ്ങളെ പോലും വെല്ലുവിളിച്ചുള്ള സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ പരസ്യമാണ്. സ്റ്റോപ്പിന്‍റെ പരിസരത്തുപോലും നിര്‍താത്ത സ്വകാര്യ ബസുകള്‍ നടുറോഡില്‍ ചവുട്ടി നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ച. രാത്രികാലങ്ങളില്‍ പോലും മത്സരിച്ചോടുന്ന ബസുകള്‍ക്ക് വഴിമാറിയില്ലെങ്കില്‍ ജീവഹാനി ഉറപ്പ്. കൊച്ചി തോപ്പുംപടിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചത് ഈ മാസം എട്ടിനാണ്. ദുരന്തങ്ങള്‍ സംഭവിച്ചതിന്  പിന്നാലെയുള്ള പരിശോധനകളും നടപടികളും ഏറിവന്നാല്‍ ഒരാഴ്ച മാത്രം. അതിന് ശേഷം എല്ലാം പഴയപടി.