ചേരുംചുവട് വാഹനാപകടം; നടുക്കം മാറാതെ നാട്ടുകാർ

വൈക്കം ചേരുംചുവട് പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തിന്റെ ആഘാതത്തിലാണ് ഉദയംപേരൂര്‍ പത്താംമൈലിലെ ഒരു പ്രദേശം മുഴുവന്‍. പത്താംമൈല്‍  മനയ്ക്കപറമ്പിലെ വിശ്വനാഥനും കുടുംബവും ചേര്‍ത്തല വേളോര്‍വട്ടം മഹാദേവക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

മനയ്ക്കപറമ്പില്‍ സതീശന്റെ വീട്ടുമുറ്റത്ത് ഭാര്യ അജിത നട്ടുവളര്‍ത്തുന്ന ഈ പച്ചക്കറിത്തോട്ടം പിഴുത് മാറ്റുന്നത് അജിതയടക്കം നാല് പേരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനുള്ള ഇടം ഒരുക്കാനാണ്. മനയ്ക്കപറമ്പില്‍ വിശ്വനാഥന്‍, ഭാര്യ ഗിരിജ, മകന്‍ സൂരജ്, അനുജന്റെ ഭാര്യയായ അജിത എന്നിവര്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ചേര്‍ത്തല വേളോര്‍വട്ടം മഹാദേവക്ഷേത്ര ദര്‍ശനത്തിനായി ഈ വീട്ടില്‍ നിന്നിറങ്ങിയത്. പക്ഷേ ആ യാത്ര വൈക്കം ചേരുംചുവട് പാലത്തിന് സമീപം എന്നേക്കുമായി അവസാനിച്ചെന്ന ദുരന്തവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും കഴിയുന്നില്ല. 

തൃപ്പുണിത്തുറ സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് വിരമിച്ച ശേഷം പത്താംമയില്‍ ജംഗ്ഷനില്‍ പലചരക്ക് കട നടത്തുകയായിരുന്നു വിശ്വനാഥന്‍. അപകടത്തില്‍ മരിച്ച വിശ്വനാഥന്റെ ഭാര്യ ഗിരിജയും, അനുജന്റെ ഭാര്യ അജിതയും കുടുംബയോഗങ്ങളിലേയും മറ്റും സജീവപ്രവര്‍ത്തകരാണ്. അതിനാല്‍ തന്നെ നാട്ടുകാര്‍ക്ക് എല്ലാം ഒരു പോലെ പരിചിതർ‌. കംപ്യൂട്ടര്‍ ഹാര്‍ഡ്്വെയര്‍ ബിസിനസാണ് മരിച്ച സൂരജിന്. വിശ്വനാഥനും ഗിരിജയ്ക്കും ഒരു മകള്‍ കൂടിയുണ്ട്. എന്‍ജിനീയറിങ് വിദ്യാര്‍ഥി സാഹില്‍, സാന്ദ്ര എന്നിവരാണ് അജിതയുടെ മക്കള്‍.