പിഞ്ചുവിനെ പേരുവിളിച്ച് മന്ത്രി; വിദഗ്ധ ചികിൽസയക്ക് ആലോചന

അവശനിലയിലായ കുട്ടിക്കൊമ്പനെക്കാണാന്‍ പേരുചൊല്ലി വിളിച്ച മന്ത്രി കെ.രാജു എത്തി.  ചികിത്സയിലുള്ള പിഞ്ചു എന്ന കുട്ടിക്കൊമ്പനെക്കാണാനാണ് മന്ത്രി പത്തനംതിട്ട കോന്നിയിലെ ആനക്കൂട്ടിലെത്തിയത്. വിദഗ്ധചികിത്സ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 

നാലുവർഷം മുൻപ് മന്ത്രി കെ. രാജുവാണ് കുട്ടിക്കൊമ്പന് പിഞ്ചുവെന്ന് പേരിട്ടത്. അവശനിലയിലായ ആനയെ ഇത്തവണ മന്ത്രി പേരുചൊല്ലിവിളിച്ചെങ്കിലും പ്രതികരിച്ചില്ല. ആനയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുമായി ആലോചിച്ച് വേണ്ടത് ചെയ്യും.

കഴിഞ്ഞദിവസം എഴുന്നേറ്റു നിന്ന ആന പിന്നീട് വീണ്ടും കിടന്നു. ഹെർപ്പസ് വൈറസ് ബാധയെ അതിജീവിച്ച ആനയായതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവാണ്. ഇത് വർധിപ്പിക്കാനുള്ള മരുന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് ആനകളിൽ നിന്നു വ്യത്യസ്തമായി നഖങ്ങളുടെ എണ്ണം കൂടുതലാണ് പിഞ്ചുവിന്.  ഒന്നേകാൽ ടൺ ഭാരമാണ് ഇപ്പോൾ ആനയ്ക്കുള്ളത്. ശരീരഭാരം കുറയുന്നതോടെ  എഴുന്നേറ്റുനിൽക്കാനാകുമെന്നാണ് ഡോക്ടർമാരുടെ നിഗമനം.