എഞ്ചിൻ ബോക്സിന് മുകളിൽ ഇരിക്കണം; ബസിൽ യുവതികൾ തമ്മിൽ അടി; ഒടുവിൽ പൊലീസെത്തി

ബസിൽ യാത്രയ്ക്കിടെ സീറ്റിന്റെ പേരിൽ തമ്മിലടിച്ച രണ്ട് സ്ത്രീകൾക്കു പരുക്ക്.  മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസിലാണ് മറയൂരിൽ വച്ച് യാത്രികരായ സ്ത്രീകൾ തമ്മിൽ വക്കേറ്റമുണ്ടാക്കുകയും അടിയിൽ കലാശിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസിൽ തിരക്കായത് മൂലം മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗൽ സ്വദേശി യുവതിക്ക് മറയൂർ വരെ സീറ്റ് കിട്ടിയിരുന്നില്ല.

തുടർന്ന് ഡ്രൈവർ സീറ്റിനടുത്തുള്ള എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കാൻ ശ്രമിച്ചു. ഈ സമയം മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാക്കുകയും സംഘട്ടനത്തിൽ കലാശിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാൻ ബസിലെ ജീവനക്കാനും മറ്റു യാത്രികരും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. മറയൂർ സ്റ്റേഷനിലെ അഡീഷനൽ എസ്‌ഐ കെകെ.അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇരുവരെയും പുറത്തിറക്കിയ ബസ് യാത്ര തുടർന്നു.