ടാങ്കറിലെ കുടിവെള്ള വിതരണത്തിന് ഇന്ന് മുതൽ പിടി വീഴും; കർശന നടപടി

എറണാകുളം ജില്ലയില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടികള്‍ക്ക് ഇന്ന് തുടക്കം. ജല അതോറിറ്റി സ്റ്റേഷനുകളില്‍നിന്നുള്ള കുടിവെള്ളം മാത്രമേ ടാങ്കറുകളില്‍ വിതരണം ചെയ്യാന്‍ അനുവദിക്കൂ. നടപടികളുടെ ഭാഗമായി ഉപഭോക്തൃ യോഗവും കലക്ടറേറ്റില്‍ ചേരും. അതേസമയം കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമെന്ന് വിതരണക്കാര്‍ അറിയിച്ചു.

കുടിവെള്ളത്തിന്റെ ഗുണനിലവാരം കര്‍ശനമായി നിരീക്ഷിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജല അതോറിറ്റി കേന്ദ്രങ്ങളിലെ വെള്ളത്തിന്റെയും, ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെയും ഗുണനിലവാരം ക്വാളിറ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജീനീയര്‍ പരിശോധിക്കും. നിലവില്‍ വിവിധ ജല അതോറിറ്റി സ്റ്റേഷനുകളിലായുള്ള പതിമൂന്ന് ഹൈഡ്രന്റ് പോയിന്‍റുകളില്‍നിന്ന് മാത്രമാണ് ടാങ്കറുകള്‍ക്ക് കുടിവെള്ളം ശേഖരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇവിടെനിന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ എണ്ണം, സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പിവിസി, പ്ലാസ്റ്റിക് നിര്‍മിത ടാങ്കുകളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെ കുടിവെള്ളം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതേസമയം വെള്ളം നിറയ്ക്കുന്നതിന് നിലവില്‍ സജ്ജീകരിച്ചിരിക്കുന്ന സംവിധാനം പര്യാപ്തമല്ലായെന്ന് വിതരണക്കാര്‍ പറയുന്നു. 

മുന്നൂറിലധികം ടാങ്കര്‍ ലോറികള്‍ നൂറ്റിയന്‍പതിലധികം കേന്ദ്രങ്ങളില്‍നിന്നാണ് വെള്ളം നിറയ്ക്കുന്നത്. അതുകൊണ്ട് നഗരത്തിലെ ടാങ്കറുകളെ ആശ്രയിച്ചുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലായേക്കും. ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നും വിതരണക്കാര്‍ പറഞ്ഞു.