സ്കൂൾ തുറന്നപ്പോൾ പുസ്തകസഞ്ചിക്കൊപ്പം പ്ലാസ്റ്റിക് കുപ്പികൾ; പിന്നാലെ സമ്മാനവിതരണം

ക്രിസ്തുമസ് അവധിക്കാലത്ത്  പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ച്  ഇടുക്കി നെടുങ്കണ്ടത്തെ വിദ്യാര്‍ഥികള്‍. അൻപതിനായിരത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ പത്ത് ദിവസം കൊണ്ട്  ശേഖരിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പികൾ  ടാര്‍ നിര്‍മാണത്തിന് ഉപയോഗിക്കും.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലെ കുട്ടികളാണ്  അവധിക്കാലത്തിന്റെ ഭൂരിഭാഗം സമയവും പ്ലാസ്റ്റിക്ക് ശേഖരണത്തിനായി മാറ്റിവെച്ചത്.  പ്ലാസ്റ്റിക്ക് രഹിത ക്രിസ്തുമസ് ആഘോഷം വീടുകളിൽ നടത്തണമെന്നും, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സ്കൂൾ തുറക്കുമ്പോള്‍ കൊണ്ടുവരണമെന്നുമുള്ള  അധ്യാപകരുടെ നിര്‍ദേശം   വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുകയായിരുന്നു. സ്കൂളിലെത്തിയ കുട്ടികളുടെ പുസ്തകസഞ്ചിക്കൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളുമുണ്ടായിരുന്നു.

ചിലർ രണ്ടും മൂന്നും കുപ്പികൾ കൊണ്ടുവന്നപ്പോൾ ചിലർ ചാക്കുകെട്ടുകളിലാണ്  ശേഖരിച്ച കുപ്പികൾ എത്തിച്ചത്. രക്ഷകർത്താക്കളും കുട്ടികളുടെ ഉദ്യമത്തിന് ഒപ്പംചേര്‍ന്നു. പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിച്ചു കൊണ്ടുവന്ന കുട്ടികൾക്ക് അധ്യാപകര്‍ സമ്മാനങ്ങളും നൽകി. നെല്ലിക്കയും മിഠായിയുമൊക്കെയായിരുന്നു സമ്മാനങ്ങൾ.