ഇനി മറ്റ് ലക്ഷ്യങ്ങളില്ല; 4 വർഷം വീഴ്ച്ചകൾ തിരുത്താൻ; തുറന്നു പറച്ചിലിന്റെ ബാക്കി

ടോമിൻ ജെ തച്ചങ്കരി എന്ന ഐപിഎസുകാരന്റെ പുതിയ മുഖമാണ് മനോരമ ന്യൂസ് ക്രിസ്മസ് പ്രത്യേക അഭിമുഖത്തിലൂടെ കേരളം കാണുന്നത്. ആദ്യ ഭാഗത്തിന്റെ ഭാര്യയുടെ മരണം വരുത്തിയ വലിയ മാറ്റങ്ങളും തിരിച്ചറുകളെ പറ്റിയുമാണ് അദ്ദേഹം സംസാരിച്ചത്. നാലുവർഷം കൂടിയുള്ള സർവീസ് ജീവിതത്തെ കുറിച്ചും സംഗീതജീവിതത്തെ കുറിച്ചുമാണ് തച്ചങ്കരി രണ്ടാം ഭാഗത്തിൽ പറയുന്നത്. എനിക്ക് സംഭവിച്ച പോരായ്മകൾ ഒക്കെ പരിഹരിക്കും. ഇനിയുള്ള നാലുവർഷം ഇതുവരെ കണ്ട തച്ചങ്കരി ആയിരിക്കില്ല. സംഭവിച്ച വീഴ്ചകളൊക്കെ ഞാൻ മാറ്റും. തച്ചങ്കരി പറയുന്നു. 

‘ടോമിനെ നിങ്ങൾ ഇൗ ഔദ്യോഗിക ജീവിതവും ബിസിനസ് ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നത് ശരിയല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അവർക്കുള്ള എന്റെ മറുപടിയായിരുന്നു ഞാൻ തലപ്പത്തിരുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ അക്കാലത്തെ പ്രവർത്തനം. ഇൗ ബിസിനസ് അറിയാവുന്നത് െകാണ്ട് എനിക്ക് അറിയാം അതെങ്ങനെ ലാഭത്തിലാക്കണമെന്ന്. ഉദാഹരണം കെഎസ്ആർടിസി എടുക്കാം.

കേരളത്തിൽ ഏറ്റവും നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളിലൊന്നാണ് കെഎസ്ആർടിസി. ഇതെങ്ങനെ ഇങ്ങനെയായി എന്നു ചിന്തിക്കണം. എങ്ങനെയും ഇതൊന്ന് രക്ഷപെട്ടാ മതി എന്ന ചിന്ത മാത്രമാണ് സർക്കാരിന്. സർക്കാർ, കോടതി, മീഡിയ, പൊതുജനം, െതാഴിലാളികൾ എല്ലാവരും ഒപ്പമുണ്ട്. എന്നിട്ടും നഷ്ടത്തിലോടുന്നു. കാരണം കുറച്ച് പേരാണ്. കേവലം 600 പേർ അടങ്ങുന്ന ഒരു സംഘം. അവരാണ് ഇതിന്റെ ശാപം. ശ്വാസം ഉണ്ടെങ്കിൽ 30 ന് ശമ്പളം കൊടുക്കാം എന്ന് തൊഴിലാളികളോട് വാക്കു പറഞ്ഞ ഉദ്യോഗസ്ഥനാണ് ഞാൻ. എല്ലാം ഒരുവിധം ശരിയാക്കി വന്നപ്പോഴാണ് എന്നെ മാറ്റിയത്. ഇപ്പോഴും വിശ്വസിക്കുന്നു. ഇൗ കുറച്ച് പേരാണ് ശാപം. അല്ലാത്തപക്ഷം കെഎസ്ആർടിസി ലാഭത്തിലാകും. ഉറപ്പ്.’ തച്ചങ്കരി ആത്മവിശ്വാസത്തോടെ പറഞ്ഞു. വിഡിയോ കാണാം.