തരിശുകിടന്ന സ്ഥലം ഒരു നാടിന്‍റെ കൂട്ടായ്മയില്‍ പച്ചപുതയ്ക്കാനൊരുങ്ങുന്നു

മാലിന്യംനിറഞ്ഞ് വര്‍ഷങ്ങളായി തരിശുകിടന്ന സ്ഥലം, ഒരു നാടിന്‍റെ കൂട്ടായ്മയില്‍ പച്ചപുതയ്ക്കാനൊരുങ്ങുന്നു. തലവടി കൃഷിഭവന്‍ പരിധിയില്‍പെട്ട അഞ്ചേക്കര്‍ നിലത്താണ് വീണ്ടും കൃഷിയിറക്കിയത്. നെല്‍കൃഷി സംരക്ഷണത്തിന്‍റെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പ്.  

കണ്ടങ്കരി–കടമ്പങ്കരി പാടത്തെ തരിശുനിലത്ത് വീണ്ടും നെല്ലുവിളയും. പുതുമ പരസ്പര സ്വയംസഹായസംഘമാണ് നെല്‍കൃഷി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്. അഞ്ചേക്കറോളം നിലത്ത് കെട്ടിക്കിടന്ന വെള്ളം, ദിവസങ്ങള്‍ നീണ്ടുനിന്ന ശ്രമഫലമായി വറ്റിച്ചു, വൃത്തിയാക്കി, നിലം കൃഷിയോഗ്യമാക്കി. ഒടുവിലിപ്പോള്‍ വിത്തെറിഞ്ഞു. അങ്ങനെ, വര്‍ഷങ്ങളായി തരിശുകിടന്ന പാടത്ത് വീണ്ടും അന്നംവിളയാന്‍ ഒരുങ്ങുന്നു. പ്രതികൂലസാഹചര്യത്താല്‍ കര്‍ഷകര്‍ക്ക് മുപ്പതുവര്‍ഷത്തോളമായി ഈ സ്ഥലത്ത് വിത്തിറക്കാനായിരുന്നില്ല. വെള്ളം കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടായതോടെ പാടം കൃഷിയോഗ്യമല്ലാതാവുകയായിരുന്നു. പിന്നീട് ഇത് മാലിന്യകേന്ദ്രമായും മാറി. തുടര്‍ന്നാണ് പുത്തന്‍ ആശയവുമായി യുവാക്കള്‍ മുന്നോട്ടുവന്നത്. 

സമീപപ്രദേശങ്ങളിലെയടക്കം തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനും പദ്ധതിയുണ്ട്.