ഉള്ളിക്ക് പൊള്ളിയപ്പോള്‍ ഡിമാന്‍‍ഡ് മീനിന്; ലഭ്യതയും കൂടി; പക്ഷേ വില..?

ഉള്ളി വില കൂടുമ്പോൾ മീൻ പിടിത്തക്കാർക്കു സന്തോഷിക്കാൻ വകയുണ്ട്. ഉള്ളി കൂടുതലായി ഉപയോഗിക്കേണ്ട കോഴിയിറച്ചി കുറച്ച് സാധാരണക്കാർ മീൻ വിഭവങ്ങളിലേക്കു മാറുന്നു. അതനുസരിച്ചു മീൻ വിലയും കയറി. കടലിൽ മീൻ ലഭ്യത വർധിച്ചതും മത്സ്യത്തൊഴിലാളികൾക്കു സന്തോഷമേകുന്നു. ഏറെക്കാലത്തിനു ശേഷം മത്തി ലഭ്യത കൂടി. അയല, ചെമ്മീൻ തുടങ്ങിയ മീനുകളും കിട്ടിത്തുടങ്ങിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരത്തു നിന്നു തെർമോക്കോൾ വള്ളങ്ങളും നീട്ടു വലകളും ഉപയോഗിച്ചു മീൻ പിടിക്കുന്ന മത്സ്യബന്ധന തൊഴിലാളികൾക്കു മത്തിയാണ് കൂടുതൽ കിട്ടുന്നത്. ഇടത്തരം അയല, ചെമ്മീൻ തുടങ്ങിയവയും ലഭിക്കുന്നു. ഇടത്തരം മത്തിക്ക് വിൽപന കേന്ദ്രങ്ങളിൽ കിലോയ്ക്ക് ഇന്നലെ 160 ഉം വലിയതിനു 180 ഉം ആയിരുന്നു വില.  ഒരാഴ്ച മുൻപ് ഇടത്തരം മത്തിയുടെ വില 120 ഉം വലിയ മത്തിക്ക് 160 രൂപയുമായിരുന്നു. 

തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം, പുന്നപ്ര ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങളിൽ‌ നിന്നു വലിയ വള്ളങ്ങളും ബോട്ടുകളും കടലിൽ പോകുന്നില്ല. നീർക്കുന്നം കുപ്പിമുക്കിൽ നേരിയ തോതിലുള്ള ചാകരയിൽ മത്തി, അയല, പൊടിമീൻ എന്നിവ കിട്ടുന്നു. മത്തി കിലോയ്ക്ക് 140 – 160 രൂപ, അയല 200–230 രൂപ എന്നിങ്ങനെയായിരുന്നു വില. ഒരു കുട്ട പൊടിമീൻ 1200 രൂപയ്ക്കാണ് ഇന്നലെ വിറ്റത്.

ഡിസ്കോ വള്ളങ്ങൾക്ക് നെയ്മീൻ, കേര, ചൂര എന്നിവയും കിട്ടുന്നുണ്ട്. നെയ്മീൻ കിലോയ്ക്ക് 650 രൂപയ‍ും കേര 270 രൂപയും ചൂര 140 രൂപയുമായിരുന്നു വില. മാരാരിക്കുളം തീരത്ത് മത്തി കിലോയ്ക്ക് 80–160 രൂപ വരെ വിലയിൽ ഇന്നലെ വിറ്റു. അയല 100 – 200 രൂപ വരെയും ചെമ്മീൻ 300– 400 രൂപ വരെയും വിലയ്ക്കാണ് തീരത്തു വിറ്റത്. മാർക്കറ്റിൽ ഇവയുടെ വില കൂടും.