പ്രേക്ഷകർ ജൂറി; മികച്ച പ്രതികരണവുമായി രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേള

പ്രേക്ഷകര്‍ ജൂറിയാകുന്ന പരീക്ഷണത്തിന് കോഴിക്കോട് നടക്കുന്ന രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയില്‍  മികച്ച പ്രതികരണം. സാമ്പ്രാദായിക വിധി നിര്‍ണയത്തിനെതിരായ കടുത്തവിമര്‍ശനം കൂടിയാണ് മേളയിലെ ജോണ്‍എബ്രഹാമിന്റെ പേരിലുള്ള ജനകീയ ജൂറി. 

സിനിമകണ്ടിറങ്ങുന്നവര്‍ക്ക് മൊബൈല്‍  ആപ്പില്‍ അഭിപ്രായം രേഖപ്പെടുത്താം വോട്ടുചെയ്യാം.പ്രേക്ഷകരുടെ അഭിപ്രായത്തിന്റെയും വോട്ടിന്റെയും മാനദണ്ഡത്തിലായിരിക്കും മികച്ച സിനിമയും സംവിധായകനും തിരഞ്ഞെടുക്കപ്പെടുന്നത്.സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം എന്നതിലുപരി സാമ്പ്രദായിക ജ്യൂറികളുടെ പക്ഷപാതിത്വങ്ങള്‍ ഒഴിവാക്കാമെന്നതും ജനകീയ വിധി നിര്‍ണയത്തിന്റെ പ്രത്യേകതയാണ്

എന്നാല്‍ സിനിമയെ കുറിച്ച് അഭിപ്രായം പറയേണ്ടതും വിധി നിര്‍ണയിക്കേണ്ടതും വിദഗ്ദരും അക്കാദമിക് പശ്ചാത്തലമുള്ളവരും ആകണമെന്ന അഭിപ്രായവും മേളയില്‍ ഉണ്ട്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 122 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും,മേള നാളെ അവസാനിക്കും