ഇത് തുടക്കം; ജനങ്ങളെ നിങ്ങൾക്കറിയില്ല അമിത് ഷാ; തുറന്നടിച്ച് കണ്ണൻ ഗോപിനാഥൻ

പൗരത്വ ഭേദഗതി നിയമത്തിൽ അമിത് ഷായ്ക്കും കേന്ദ്ര സർക്കാരിനുമെതിരെ തുറന്നടിച്ച് മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. രാജ്യമെങ്ങുമുയരുന്ന പ്രതിഷേധങ്ങൾ ഒരു തുടക്കം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പൊലീസ് കസ്റ്റഡിയിൽ എടുത്ത കണ്ണൻ ഗോപിനാഥനെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ കണ്ണൻ ഗോപിനാഥന്റെ തുറന്നടി.

'നിങ്ങളുടെ വക്രബുദ്ധിയെക്കാളും മാനസിക നിലവാരത്തെക്കാളും ഉയർന്നതാണ് ഈ രാജ്യത്തിന്റെ ശക്തിയെന്ന് തിരിച്ചറിയുമെന്നും അമിത് ഷായെ ടാഗ് ചെയ്ത ട്വീറ്റിൽ അദ്ദേഹം പറയുന്നു. നോ കാബ്, നോ എൻആർസി എന്നീ ഹാഷ്ടാഗുകളോടെയാണ് ട്വീറ്റ്. മുംബൈയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈ മറൈൻ ഡ്രൈവിലേക്ക് എത്തിയപ്പോഴാണ് കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  ഇതേത്തുടർന്ന് വലിയ പ്രക്ഷോഭവുമായി വിദ്യാർഥികൾ സ്റ്റേഷനിലേക്ക്  ചെന്നതോടെ അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. പുറത്തിറങ്ങിയ കണ്ണൻ ഗോപിനാഥനെ തോളിലേറ്റിയാണ് വിദ്യാർഥികൾ ആഹ്ലാദം പ്രകടിപ്പിച്ചത്.

കേന്ദ്രസർക്കാർ കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തു കളഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു മലയാളിയായ കണ്ണൻ ഗോപിനാഥൻ ഐഎഎസ് ഉപേക്ഷിച്ചത്.