കുട്ടനാടന്‍ കരിമീനുകള്‍ക്ക് സംരക്ഷിത മേഖലയൊരുങ്ങുന്നു; ഫിഷറീസ് വകുപ്പ് ഇടപെടൽ

കുട്ടനാടന്‍ കരിമീനുകള്‍ക്ക് പ്രത്യേക സംരക്ഷിത മേഖലയൊരുങ്ങുന്നു. പ്രജനനകാലത്ത് വേമ്പനാട്ടുകായലില്‍ ഉള്‍പ്പടെ മല്‍സ്യബന്ധനത്തിന് ഇനി നിരോധനമുണ്ടാവും. ഉള്‍നാടന്‍ മത്സ്യമേഖല കടുത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പിന്റെ ഇടപെടല്‍ 

വേമ്പനാട്, അഷ്ടമുടി കായലുകളിലാണ് സംരക്ഷിത മേഖല ഒരുങ്ങുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത 30 ഹെക്ടര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. വേമ്പനാട് കായലില്‍ മാത്രം 14 സ്ഥലങ്ങളാണ് സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ അമ്പലക്കടവ് മൽസ്യസംരക്ഷിത മേഖലയായി മാറും. .പഞ്ചായത്തിന്റെ കിഴക്കുഭാഗം കക്ക പുനരുജ്ജീവന മേഖലയാക്കിയും മാറ്റും

മീന്‍പിടിക്കാന്‍ അശാസ്ത്രീയമായ രീതി പിന്തുടര്‍ന്നാല്‍ കർശന നടപടിയുണ്ടാവും. മൽസ്യ സമ്പത്തു സംരക്ഷിക്കുന്നതിനായി കായലരങ്ങളില്‍ കണ്ടൽ ചെടികളും വച്ചുപിടിപ്പിക്കും .പദ്ധതിയുടെ ആദ്യ ഘട്ടമായി 160 ലക്ഷം രൂപയാണ് ചെലവഴിക്കുക. അനുദിനം നശിക്കുന്ന കായല്‍ സമ്പത്തിനെ സംരക്ഷിച്ച്, പുനരുദ്ധരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫിഷറീസ് വകുപ്പ്