ഡ്രൈവിങ് ടെസ്റ്റിന്റെ ഇടയിലേക്ക് ടാങ്കർ ലോറി പാഞ്ഞുകയറി; മൂന്നുപേർക്ക് പരുക്ക്

ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള റോഡ് ടെസ്‌റ്റിനിടെ ടാങ്കർ ലോറി പാഞ്ഞുകയറി മോട്ടർ വാഹന വകുപ്പിന്റേതടക്കം 6 വാഹനങ്ങൾ തകർന്നു. 3 പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 10.10ന് മാനത്തുമംഗലം–പൊന്ന്യാകുർശി ബൈപാസി‌ലാണ് സംഭവം. രാവിലെ മൈതാനത്തെ ഡ്രൈവിങ് ടെസ്‌റ്റ് കഴിഞ്ഞതിനുശേഷം റോഡ് ടെസ്‌റ്റിനുള്ള തയാറെടുപ്പിനിടെ ആയിരുന്നു അപകടം. തലശ്ശേരിയിൽനിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു ലോറി.

മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിന്റെ ഒരു വശം ഇടിച്ചു തകർത്ത ലോറി ടെസ്റ്റിന് എത്തിയവരുടെ ബൈക്കുകൾക്കിടയിലേക്ക് ഇടിച്ചു കയറി. 3 ബൈക്കുകൾ ലോറിക്കടിയിലായി. മറ്റ് 2 ബൈക്കുകളും തകർന്നു. ഇതേ റോഡിൽ ഒരു കിലോമീറ്റർ മാറി 4 ചക്ര വാഹനങ്ങളുടെ റോ‍ഡ് ടെസ്‌റ്റ് നടക്കുന്ന സ്ഥലത്ത് അൻപതോളം പേർ ഉണ്ടായിരുന്നു. ലോറി അമിതവേഗത്തിൽ വരുന്നതുകണ്ട് ആളുകൾ ബഹളംവച്ചതോടെ ഇവർ ഓടി മാറി. ഇതിനിടെയാണ് 3 പേർക്കു പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ലോറി ഡ്രൈവർ തമിഴ്‌നാട് പാറഞ്ചേരി ‌കാങ്കയം വരദരാജനെ(40) ആളുകൾ പിടികൂടി പൊലീസിനു കൈമാറി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചത് മദ്യലഹരിയിലായിരുന്നെന്ന് സിഐ വി.ബാബുരാജ് പറഞ്ഞു.