ശരണം വിളികളുമായി അയ്യപ്പന്മാർ, പിന്തുടർന്ന് ശ്വാനൻ; ഊഷ്മളകാഴ്ച

അയ്യപ്പഭക്തരില്‍ പലരും ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ്  മണ്ഡല–മകരവിളക്ക് കാലത്ത് ഇഷ്ടദൈവത്തെ കാണാനെത്തുന്നത്. നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് അയ്യപ്പസന്നിധിയിലെത്തുന്നവരും ഏറെയാണ്. ഈ യാത്ര പലപ്പോഴും അപ്രതീക്ഷിത അനുഭവങ്ങളും സമ്മാനിച്ചേക്കാം. അത്തരമൊരു യാത്രാസംഘത്തെ കാണാം.

ഭക്തിയ്ക്കും സമര്‍പ്പണത്തിനും അതിരുകളില്ല... അത് മനുഷ്യനായാലും മൃഗങ്ങളായാലും.. ശബരീശ സന്നിധിയിലേക്കുള്ള യാത്രയിലാണ് ഈ സ്വാമിമാര്‍.. 13 പേരുണ്ട് സംഘത്തില്‍.. യാത്ര ആരംഭിച്ചത് ആന്ധ്രാപ്രദേശിലെ തിരുമലയില്‍നിന്ന് ഒക്ടോബര്‍ 31ന്. ഇടയ്ക്ക് എപ്പോഴോ ആണ് ഇങ്ങനെയൊരാള്‍ സംഘത്തോടൊപ്പം ചേര്‍ന്നത്. 

ആദ്യമൊന്നും ഒരു തെരുവുനായ തങ്ങളെ പിന്തുടരുന്നത് ഇവര്‍ കാര്യമായെടുത്തില്ല. പക്ഷെ, യാത്ര പുരോഗമിക്കുംതോറും അയ്യപ്പഭക്തരെ അത്ഭുതപ്പെടുത്തി ആ ശ്വാനന്‍. ഇതുവരെ ഇവര്‍ക്കൊപ്പം കാല്‍നടയായി പിന്നിട്ടത് അഞ്ഞൂറിലേറെ കിലോമീറ്ററുകള്‍. ഇപ്പോള്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെത്തി.

വര്‍ഷങ്ങളായി ശബരിമല ദര്‍ശനം നടത്തുന്ന രാജേഷ് ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഇങ്ങനെയൊരു അനുഭവം ഇതാദ്യം. ഇപ്പോള്‍ ഇവര്‍ക്ക് ഇത് വെറുമൊരു തെരുവ് നായയല്ല. തങ്ങള്‍ കഴിക്കുന്നതിന്‍റെ ഒരു പങ്ക് ഇന്ന് അവനുമുള്ളതാണ്. വിശ്രമിക്കുമ്പോള്‍ ഒരിടവും.  ഇടയ്ക്ക് കാലില്‍ മുറിവേറ്റ നായയെ രണ്ട് തവണ ശ്രൂശ്രൂഷിക്കേണ്ടിവന്നു. ശരണം വിളിച്ച്..കല്ലും മുള്ളും കാലിന് മെത്തയാക്കി ഈ സ്വാമിമാരും അവര്‍ക്കൊപ്പം ഈ ശ്വാനനും യാത്ര തുടരുകയാണ്. അയ്യന്‍റെ പൂങ്കാവനം ലക്ഷ്യമാക്കി.