ചട്ടങ്ങൾ പാലിക്കാതെയുള്ള നിർമാണം; കർശന നടപടിയുമായി ദേവികുളം സബ് കലക്ടർ

ചട്ടങ്ങള്‍ പാലിയ്ക്കാത്ത നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംക്യഷ്ണ. ദൗത്യസംഘത്തിന്റെ നേത്യത്വത്തില്‍  പരിശോധന കര്‍ശനമാക്കും. അനധികൃത നിര്‍മാണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.

മുന്‍ ദേവികുളം സബ്കലക്ടര്‍ രേണുരാജിന് പിന്നാലെയാണ്  മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയുമായി പുതിയ സബ്കലക്ടര്‍ പ്രേംകൃഷ്ണ രംഗത്തെത്തിയത്. റവന്യുവകുപ്പിന്റെ അനുമതി  വാങ്ങിയശേഷം മാനദണ്ഡങ്ങള്‍ കാറ്റിപ്പറിത്തിയാണ് മൂന്നാര്‍ മേഖലയിലെ  കെട്ടിട നിര്‍മാണം. ഇത്തരം നിര്‍മിതികള്‍ക്കെതിരെ  ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണ് സബ്കലക്ടര്‍. മൂന്നാര്‍  ദൗത്യസംഘത്തിന്റെ നേത്യത്വത്തില്‍ മൂന്നാറില്‍ നടത്തിയ പരിശോധനകളില്‍ അനധികൃത  കെട്ടിടങ്ങള്‍ കണ്ടെത്തി. 

വീടിന്  അനുവധിച്ച എന്‍.ഒ.സി ഉപയോഗിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവരുടെ വിവരങ്ങള്‍ ഇതിനോടകം റവന്യുവകുപ്പ് ശേഖരിച്ചുകഴിഞ്ഞു. കുറ്റകരമായ നിര്‍മാണങ്ങള്‍  നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കും.