'നിങ്ങൾക്കും ആകാം കോടീശ്വരൻ' തുടങ്ങുന്നു; 9 മണി മുതൽ മഴവിൽ മനോരമയിൽ

മലയാളി പ്രേക്ഷകരുടെ പ്രൈം ടൈം ഇനി കോടീശ്വരനൊപ്പം. ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' ഇന്ന് രാത്രി 9 മണിക്ക് സംപ്രേഷണം ആരംഭിക്കും. സൂപ്പര്‍താരം സുരേഷ് ഗോപിയുടെ അവതരണമികവില്‍ ഒട്ടേറെ പുതുമകളോടെയാണ് പരിപാടി അണിയിച്ചൊരുക്കുന്നത്.

ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ചോദ്യങ്ങളുടെ ശരവേഗത്തിന് തുടക്കമാകുന്നു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍, അതിനായി അറിഞ്ഞൊരുത്തരം, പുതിയൊരു തുടക്കം. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകരുടെ ഹരമായി മാറിയ ഷോ മികവിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ടാണ് മടങ്ങിവരുന്നത്. അറിവിന്റെ ലോകം തുറക്കുമ്പോള്‍ പ്രതിഭകളെ സ്വാഗതം ചെയ്യാന്‍ കൂടുതല്‍ ആവേശത്തോടെ സുരേഷ് ഗോപി എത്തുന്നു.

നെ​ഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍‌ സമ്മാനിക്കുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍‌ സാങ്കേതികത്തികവിലും പുത്തന്‍ ചുവടുവയ്പ്പായിരിക്കും. വേദിയുടെ പുതുമയ്ക്കൊപ്പം ശബ്ദവും െവളിച്ചവും മറ്റൊരു ലോകത്തേക്ക് പ്രേക്ഷകനെ നയിക്കും.  ബോളിവുഡ് സംഗീതസംവിധായകരായ അജയ് അതുല്‍ കൂട്ടുകെട്ടില്‍ അവതരണസംഗീതം പുതിയ രൂപത്തില്‍ ആസ്വദിക്കാം. ഹോട്ട് സീറ്റിലിരിക്കുന്നവര്‍ക്കൊപ്പം പ്രേക്ഷകര്‍ക്കും പരിപാടിയുടെ ഭാഗമാകാം. മനോരമ മാക്സ് ആപ്പിലൂടെയും പരിപാടി കാണാനും സമ്മാനങ്ങള്‍നേടാനും അവസരമുണ്ട്. മഴവില്‍ മനോരമ യില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി ഒന്‍പത് മണിക്കാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ സംപ്രേഷണം.