കാറിന് 83.88 ലക്ഷം, നിരത്തിലിറക്കാൻ 1.4 കോടി; നമ്പറിന് 25000; മാവേലിക്കരയുടെ താരം

കേരളത്തിന്റെ നിരത്തിൽ വാഹനക്കമ്പക്കാരുടെ മറ്റൊരു രാജാവ് കൂടി എത്തുകയാണ്. ജർമൻ നിർമിത കൺവർട്ടബിൾ സ്പോർട്സ് കാറാണ് മാവേലിക്കരയിൽ റജിസ്റ്റർ ചെയ്തത്. 83.88 ലക്ഷം രൂപ വിലയുള്ള പോർഷേ 718 ബോക്സ്റ്റർ സ്പോർട്സ് കാർ തട്ടാരമ്പലം വിഎസ്എം ആശുപത്രി പാർട്ണർ ഡോ.വി.വി.പ്രശാന്ത് ആണു വാങ്ങിയത്. കാറിന്റെ നികുതിയായി മാത്രം 17.61 ലക്ഷം രൂപ അടച്ചു. കെഎൽ–31–പി–1111 എന്ന നമ്പരിനായി 25000രൂപ നൽകി.

ഇൻഷുറൻസ് തുക, ഇറക്കുമതി ചാർജ് ഉൾപ്പെടെ 1.4 കോടി രൂപ വാഹനം നിരത്തിലിറങ്ങാൻ ചെലവായി. മാവേലിക്കര ജോയിന്റ് ആർടി ഓഫിസിൽ ആദ്യമായാണു പോർഷെ കാർ റജിസ്റ്റർ ചെയ്യുന്നതെന്നു ജോയിന്റ് ആർടിഒ എച്ച്.അൻസാരി  പറഞ്ഞു.കൺവർട്ടബിൾ സ്പോർട്സ് കാറിൽ 2 പേർക്കു സഞ്ചരിക്കാം. 6500 ആർപിഎമ്മിൽ 300 കുതിരശക്തി വേഗം കൈവരിക്കാൻ കഴിയുന്ന വാഹനത്തിനു പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.9 സെക്കന്റ് സമയം മതി. പരമാവധി വേഗം മണിക്കൂറിൽ 275 കിലോമീറ്റർ ആണ്.