എവിടെപ്പോയി വീണാനാദം..?; പാട്ടുകളില്‍ വീണ മുഴങ്ങാത്തത് എന്തുകൊണ്ട്?

പുലര്‍ച്ചെ ഹൃദ്യമായ സംഗീതം കേള്‍ക്കുക എന്നത് ശരിക്കും മനസിന് സന്തോഷം നല്‍കുന്ന കാര്യമാണ്.  വീണയുടെ തന്ത്രീനാദം ഇതേ പോലെ തന്നെ മനസില്‍ മഴ പെയ്യിക്കും. അല്പം വീണാനാദം കേള്‍ക്കാം. ഹിന്ദു പുരാണങ്ങളിലും വേദങ്ങളിലുമൊക്കെ പരാമര്‍ശമുള്ള വീണ മലയാള സിനിമയില്‍ മുഴങ്ങിയ കാലം കഴിഞ്ഞോ? ഇപ്പോള്‍ പാട്ടുകളില്‍ വീണമുഴങ്ങാത്തത് എന്താണ്? നോക്കാം.

ആനന്ദാതിരേകത്തേയും ആഴവും മുഴക്കവുമുള്ള  വിഷാദത്തേയും ഒരുപോലെ ആവിഷ്ക്കരിക്കുന്ന, അനുഭവിപ്പിക്കുന്ന  ഒരപൂര്‍വ മന്ത്ര പേടകം വീണ. എല്ലാ തന്ത്രി വാദ്യങ്ങളുടേയും മാതാവ്, പ്രണയത്തിന്റെ തീവ്രതയിലേക്കും വിരഹത്തിന്റെ ആഴത്തിലേക്കും  ഭക്തിയുടെ നിറവിലേക്കും  മനസിന്റെ തന്ത്രികളെ വലിച്ചു മുറുക്കാന്‍ ഒരേസമയം കഴിയുന്ന വാദ്യം. 

ആദ്യകാല മലയാള സിനിമാ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കാനാകാത്ത ഒരു സംഗീതോപകരണം. നാലുകെട്ടുകളിലും തറവാട് വീടുകളുടെ അകത്തളങ്ങളിലും ഗ്രാമാന്തരീക്ഷത്തിലും എല്ലാം പശ്ചാത്തലമാകാന്‍ കഴിഞ്ഞ വീണയ്ക്ക് മാറിയ കാലഘട്ടത്തിന് അകമ്പടിയേകാന്‍ കഴിയുന്നില്ലേ.  

പഴയകാല സിനിമകളില്‍ നായികയുടെ കാല്‍പനികഭാവത്തിനൊപ്പം അവളുടെ മടിയിലിരുന്ന് പാടിയ വീണ അവളുടെ മനസായി. മോഹത്തിന്റേയും സങ്കല്‍പ്പത്തിന്റേയും പ്രതീകമായി. ഗാനങ്ങളിലെ വരികളില്‍ പോലും വീണ നിറഞ്ഞു നിന്നു. 

കാലങ്ങള്‍ മാറി, ചിന്തകള്‍ മാറി, പാട്ടുകളും പശ്താത്തലങ്ങളും മാറി, പഴയകാല സിനിമകളിലെ നിറസാന്നിധ്യമായിരുന്ന അമ്മ കഥാപാത്രങ്ങള്‍ പടി ഇറങ്ങിയത്പോലെ വീണയുംകാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു.

കാരണങ്ങള്‍ പലതാകാം. എന്നിരുന്നാലും പശ്ചാത്തലത്തില്‍ ഉടനീളം പിടഞ്ഞുണര്‍ന്ന് സംഗീതത്തിന്റെ സാന്ദ്ര ഭാവത്തെ പകരുന്ന ഈ  വല്ലകീവാദനം  ഇനിയും കാലാകാലത്തോളം മോഹത്തിന്റേയും സങ്കല്‍പ്പത്തിന്റേയും, വിഷാദത്തിന്റേയും തന്ത്രികളെ വലിച്ചു മുറുക്കും.  വിരല്‍ തൊടുമ്പോള്‍ തന്ത്രികള്‍ ഉണരുന്നത് പോലെ മനസും ഉണരുന്നുണ്ട്.