കുഴി ഒഴിവാക്കാൻ ബസ് വെട്ടിച്ചു; ബൈക്ക് ടാങ്കറിൽ തട്ടി ദമ്പതികൾ മരിച്ചു

തൃശൂരിൽ കുഴിയിൽ ചാടാതിരിക്കാൻ ബസ് പെട്ടെന്നു വഴി മാറ്റിയതു കണ്ട് നിർത്താൻ ശ്രമിച്ച ബൈക്ക് ടാങ്കറിൽ തട്ടി ദമ്പതികൾ മരിച്ചു. പുത്തൻചിറ വേലംപറമ്പിൽ ഷൈൻ (54), ഭാര്യ ബിന്ദു (45) എന്നിവരാണ് സിഗ്നൽ ജംക്‌ഷനിൽ‌ ഉണ്ടായ അപകടത്തിൽ മരിച്ചത്. ചാലക്കുടിയിൽ നിന്നു കൊരട്ടിയിലേക്കു ദേശീയപാതയിലൂടെ വരുന്നതിനിടെയായിരുന്നു അപകടം. പെട്ടെന്നു നിർത്തിയ ബൈക്കിൽ പിന്നിൽ വന്ന ടാങ്കർ തട്ടിയപ്പോൾ റോഡിൽ തലയിടിച്ചുവീണാണ് ഇരുവരുടെയും മരണമെന്നുമാണു നിഗമനം. 

മുരിങ്ങൂരിലെ സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയ കെഎസ്ആർടിസി ബസ് ഉപറോഡിലെ കുഴികൾ മറികടക്കാനായി ദേശീയ പാതയിലേക്കു വെട്ടിച്ചു കയറ്റിയപ്പോഴായിരുന്നു അപകടം. സർവീസ് റോഡിനും ദേശീയപാതയ്ക്കുമിടെ ഇവിടെ ഡിവൈഡർ ഉണ്ടായിരുന്നില്ല. ഒരു മരണവീട്ടിലേക്കു പോകാൻ ദേശീയ പാതയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് കെഎസ്ആർടിസി ബസിനെ മറികടക്കാനായില്ല.

ബൈക്ക് നിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ദുരന്തം. ഇതുവഴി വന്ന മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ച ഷൈൻ ദീർഘകാലം ട്യൂട്ടോറിയൽ കോളജ് അധ്യാപകനായിരുന്നു. ഇരുവരുടെയും മൃതദേഹം ഇന്ന് 11 വരെ പുത്തൻചിറയിലെ വസതിയിൽ പൊതുദർശനത്തിനു വച്ച ശേഷം 12ന് ഇരിങ്ങാലക്കുട ശ്മശാനത്തിൽ സംസ്‌കരിക്കും. മക്കൾ: ഗ്രീഷ്മ, സായ്കൃഷ്ണ.