കോര്‍പറേഷന് കിട്ടിയത്‌ 'പ്രാഞ്ചിയേട്ടന്‍ മോഡല്‍' പുരസ്കാരം‍; യു.ഡി.എഫിന് മറുപടിയുമായി വികെ പ്രശാന്ത്

വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനെതിരെ പുതിയ ആരോപണവുമായി യു.ഡി.എഫ്. മാലിന്യസംസ്കരണത്തിന്റ പേരില്‍ തിരുവന്തപുരം കോര്‍പറേഷന് കിട്ടിയ രാജ്യാന്തര പുരസ്കാരം പ്രാഞ്ചിയേട്ടന്‍ മോഡല്‍ പുരസ്കാരമാണെന്ന് കെ.എസ് ശബരിനാഥന്‍ എം.എല്‍.എ. എന്നാല്‍ അധിക്ഷേപിക്കുന്നവര്‍ക്ക് വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ മറുപടി പറയുമെന്നായിരുന്നു മേയറുടെ പ്രതികരണം.

ശബരിനാഥന്റ ആരോപണം ഇങ്ങനെ. അവാര്‍ഡ് സമ്മാനിച്ച മലേഷ്യയിലെ രാജ്യാന്തര സീറോ വേസ്റ്റ്  കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത് ഗ്ലോബല്‍ അലൈന്‍സ് ഫോര്‍ ഇന്‍സിനേറ്റര്‍ ആള്‍ട്ടര്‍നേറ്റീവ്സ് എന്ന സംഘടനയാണ്. ഇതിന്റ പ്രധാന പ്രതിനിധി തിരുവനന്തപുരത്തെ തണല്‍ സംഘടനയുടെ ഡയറക്ടര്‍ ഷിബു നായരാണ്. കോര്‍പറേഷന്റ മാലിന്യസംസ്കരണ പദ്ധതികള്‍ നടത്തുന്നതും അവാര്‍ഡിനായി കോര്‍പറേഷന് വേണ്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇതേ തണല്‍ സംഘടന തന്നെ. മാലിന്യസംസ്കരണത്തിലെ വീഴ്ചയ്ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡ് കോര്‍പറേഷന് 15 കോടി രൂപ പിഴയിട്ടതിന്റ നാണക്കേട് മറയ്ക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്ത അവാര്‍ഡാണിത്. 

മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കുന്നതും അവാര്‍ഡിന് വേണ്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും തണലാണെന്ന് വി.കെ പ്രശാന്ത് സമ്മതിക്കുന്നു. പക്ഷെ പുരസ്കാരം പ്രവര്‍ത്തനമികവിനുള്ളതാണ്. കോര്‍പറേഷന്‍ പ്രതിനിധി ഏറ്റുവാങ്ങിയ പുരസ്കാരം കഴിഞ്ഞദിവസം ആഘോഷമായാണ് വി.കെ പ്രശാന്ത് ഏറ്റുവാങ്ങിയത്