റിങ്കുവിന് ഞാൻ ജോലി കൊടുക്കാം; ഭക്ഷണം, താമസം: 16000 രൂപ ശമ്പളം; മനസ് നിറച്ച് കമന്റ്

ക്രൂരതയുടെ വാർത്തകൾ കേരളത്തിന്റെ തല താഴ്ത്തുമ്പോൾ പുതിയ പ്രതീക്ഷയുടെ ഉയരങ്ങൾ കാട്ടിത്തരുകയാണ് ചിലർ. റിങ്കു എന്ന യുവാവിന്റെ ജീവിതത്തിലേറ്റ ആ അടി സമൂഹത്തിൽ വലിയ ചർച്ചയായി. ഇതിന് പിന്നാലെ കേരളം അയാൾക്കൊപ്പമാണെന്ന് തെളിയിക്കുകയാണ് കുറേ മനുഷ്യർ. മനോരമ ന്യൂസ് ഡോട്ട്കോം ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച റിങ്കുവിന്റെ വാർത്തയ്ക്ക് ചുവട്ടിൽ‌ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത് ഒട്ടേറെ പേരാണ്. ഇക്കൂട്ടത്തിൽ മനോജ് മനോഹരൻ എന്ന വ്യക്തിയുടെ കമന്റ് ഏറെ ശ്രദ്ധേയമാണ്. 

‘റിങ്കുവിന് എന്റെ കേരള ഹോട്ടൽ തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ജോലി നൽകാൻ തയാറാണ്. ഭക്ഷവും താമസവും 16000 രൂപ ശമ്പളവും നൽകാം.’ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെ പങ്കുവച്ചാണ് മനോജ് മനോരമ ന്യൂസ് പേജിന്റെ കമന്റ് ബോക്സിൽ കുറിപ്പിട്ടത്. ഇതിന് പിന്നാലെ മനോജുമായി ബന്ധപ്പെട്ടപ്പോൾ ഹൃദ്യമായ മറുപടിയാണ് ലഭിച്ചത്.

കമന്റ് കണ്ടിട്ട് റിങ്കുവുമായി പരിചയമുള്ള ഒരു സുഹൃത്ത് വിളിച്ചിരുന്നെന്നും. ഉടൻ തന്നെ റിങ്കുവുമായി ബന്ധപ്പെടാനുള്ള അവസരം ഉണ്ടാക്കാമെന്നും സുഹൃത്ത് പറഞ്ഞതായി മനോജ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. സമാനജീവിത സാഹചര്യത്തിലുള്ള 18 പേരാണ് മനോജിന്റെ ഹോട്ടലിൽ ജോലി ചെയ്യുന്നത്. ഇവരെ എല്ലാം സമൂഹമാധ്യമങ്ങളിൽ നിന്നാണ് കണ്ടെത്തിയതെന്നും മനോജ് പറയുന്നു. തിരുവനന്തപുരം കഴക്കൂട്ടം ആക്കുളത്തിന് സമീപമാണ് മനോജിന്റെ കേരള ഹോട്ടൽ. 

റിങ്കുവിന്റെ ജീവിതം ഇങ്ങനെ: ‘ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അമ്മ ഒരു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞു..’ ആ വാക്കുകൾ ചെവിയിലെത്തി കുറച്ച് സമയങ്ങൾക്കുള്ളിലാണ് റിങ്കു എന്ന ചെറുപ്പക്കാരനെ ഒരു കാരണവുമില്ലാതെ യുവതി മുഖത്തടിച്ചത്. അടി കൊണ്ടതാകട്ടെ ചെവിയിലും. ഇന്നും ആ വേദന മാറിയിട്ടില്ല. ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് റിങ്കു എന്ന എൻജിനീയറിങ് വിദ്യാർഥി കൂടിയായ യുവാവ് ഒരു സെക്യൂരിറ്റി ജീവനക്കാരനായി മാറിയത്. എൻജിനീയറിങ് കോളജുകാർ തടഞ്ഞുവച്ച സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കണം, അമ്മയ്ക്കു ഹൃദയ ശസ്ത്രക്രിയ നടത്തണം. ഫീസ് അടയ്ക്കാൻ പണമില്ലാതെ എൻജിനീയറിങ് പഠനം നിർത്തി റിങ്കുവിന്റെ സ്വപ്നങ്ങളിങ്ങനെയാണ്. ഇൗ ചെറുപ്പക്കരാനെയാണ് ആര്യ എന്ന യുവതി പരസ്യമായി മുഖത്തടിച്ചത്. കേസിൽ നിന്നും രക്ഷപെടാൻ റിങ്കുവിനെ പ്രതിയാക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു.

കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ടാണ് യുവതി ജനങ്ങൾ നോക്കിനിൽക്കേ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യയെ 10 ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കേസും അറസ്റ്റും നീണ്ടപ്പോൾ ക്രൂരമായ മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസിനെതിരായ പരിഹാസ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരം നേടി. അതോടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. യുവതിയുടെ മർദനമേറ്റിട്ടും പ്രകോപിതനാകാതെ റിങ്കു  ജോലി തുടർന്നു.  നാട്ടുകാർ യുവതിയെ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയെങ്കിലും വിട്ടയച്ചതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനാണ് റിങ്കു (26). ബിഷപ് ഹോജസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ് ടു പാസ്സായ ശേഷം ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ എൻജിനീയറിങ്ങിനു ചേർന്നു. 11–ാം വയസ്സിൽ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എൻജിനീയറിങ്ങിനു 4 വർഷത്തേക്ക് 5 ലക്ഷം രൂപയായിരുന്നു ഫീസ്.

ഒരു ദേശസാൽകൃത ബാങ്ക് 4 ലക്ഷം രൂപ വായ്പ അനുവദിച്ചു. ആദ്യ വർഷം 1,75,000 രൂപയും രണ്ടാമത്തെ വർഷം 75,000 രൂപയും ബാങ്കിൽ നിന്നു കോളജിലേക്കു നൽകി. 2–ാം കൊല്ലം 50,000 രൂപ കൂടി ഫീസ് അടയ്ക്കണമെന്നു കോളജുകാർ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അയച്ചില്ല. തുടർന്ന് അവർ റിങ്കുവിനെ നാലാമത്തെ സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ല. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവച്ച ശേഷം പുറത്താക്കി.

2012ൽ ബെംഗളൂരുവിൽ നിന്നു നാട്ടിൽ തിരിച്ചെത്തിയ റിങ്കു ഇലക്ട്രീഷ്യന്റെ സഹായിയായി കൂടി. അതിൽ നിന്നു വരുമാനമൊന്നും ലഭിച്ചില്ല. നാട്ടിലെ ഐഇഎൽടിഎസ് സ്ഥാപനത്തിൽ വനിതാ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്താണ് അമ്മ റോസമ്മ കുടുംബം പുലർത്തിയത്. നേരത്തേ മുതൽ ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് റോസമ്മ. 2017ൽ ഡെങ്കിപ്പനി പിടിപെട്ടതോടെ രോഗം മൂർഛിച്ചു. ശസ്ത്രകിയയ്ക്കു 2 ലക്ഷം ചെലവാകുമെന്നു ഡോക്ടർമാർ പറഞ്ഞു.

ഇതിനും സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാനുള്ള 50,000 രൂപയും സ്വരൂപിക്കാനാണ് റിങ്കു സെക്യൂരിറ്റി ജോലിക്കു ചേർന്നത്. പാർട് ടൈമായി പഠിക്കാമെന്നും ചിന്തിച്ചു. കൊച്ചിയിൽ കെട്ടിട നിർമാണ സൈറ്റിലായിരുന്നു ആദ്യം ജോലി. ഓഗസ്റ്റിൽ ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിലേക്കു മാറിയത്. മർദനമേറ്റ ദിവസം താൻ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നു റിങ്കു പറഞ്ഞു.

അന്നു രാവിലെ അമ്മ വിളിച്ച് ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞതായി അറിയിച്ചതാണ് കാരണം. യുവതിയുടെ അടി ചെവിയിലാണു കൊണ്ടതെന്നു റിങ്കു പറഞ്ഞു. അന്നു മുതൽ ചെവിക്കു വേദനയുണ്ട്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ യുവതിയുടെ പരാതിയിൽ റിങ്കുവിനെ പ്രതിയാക്കി ജാമ്യം കിട്ടാത്ത വകുപ്പുകളിട്ടു കൗണ്ടർ കേസെടുക്കുമെന്നു ഭീഷണി ഉയർന്നിരുന്നു. അൻവർ സാദത്ത് എംഎൽഎ അടക്കമുള്ളവർ ഇടപെട്ടതോടെയാണ് ഒഴിവായത്.