വഴിമുട്ടിയ വികസനപദ്ധതികൾ; കോന്നിയിലെ തൂണിൽ ഒതുങ്ങികിടക്കുന്ന പാലം

വഴിമുട്ടിയ വികസനപദ്ധതികളും വോട്ടുചർച്ചയാവുകയാണ് കോന്നിയിൽ. നിർമാണം പാതിവഴിയിൽ നിലച്ച ചിറ്റൂർമുക്ക് - അട്ടച്ചാക്കൽ പാലം, ഇതിന് ഉദാഹരണം ആണ്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച പാലം, ഇപ്പോൾ തൂണിൽ ഒതുങ്ങികിടക്കുകയാണ്. 

ദ്രുതഗതിയിൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ ഉപേക്ഷിച്ചു പോയ പദ്ധതിയാണിത്. ചിറ്റൂർമുക്ക് - അട്ടച്ചാക്കൽ പാലം. ഒരു ദേശത്തിന്റെ വികസനം മാത്രമല്ല, പണി പൂർത്തീകരിക്കുന്ന കോന്നി മെഡിക്കൽ കോളേജിലേക്ക് പത്തനംതിട്ട ഭാഗത്തുനിന്ന് എത്തുന്നവർക്കെല്ലാം പ്രയോജനംലഭിക്കുന്ന യാത്രാമാർഗമാണ് ഇങ്ങനെ കിടക്കുന്നത്. കോന്നി നഗരത്തിൽ പ്രവേശിക്കാതെ മെഡിക്കൽ കോളേജ് ഭാഗത്തേക്ക്‌ പോകാമെന്നതായിരുന്നു ഗുണം. എന്നാൽ, രണ്ടരക്കോടിയുടെ പദ്ധതി പാതിവഴിയിൽ നിലച്ചു. അച്ചൻകോവിലാറ്റിൽ കെട്ടിപ്പൊക്കിയ തൂണുകളിൽ  കഴിഞ്ഞ പ്രളയകാലത്ത് വന്നടിഞ്ഞ മരങ്ങൾ കെട്ടികിടക്കുകയാണിപ്പോൾ. അതുപോലും മാറ്റാൻ നടപടി ഇല്ല. ഉയർന്നുനിൽക്കുന്ന കമ്പികളിലും തുരുമ്പെടുത്തു. 

മൂന്ന് പഞ്ചായത്തിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ ഒരു പാലം. ഒപ്പം, കോന്നി നഗരത്തിലെ ഗതാഗതകുരുക്കിനും ഒരുപരിധിവരെ പരിഹാരമാകാൻ ഈ പദ്ധതിക്ക് കഴിയുമായിരുന്നു.