കോന്നി ആര് പിടിക്കും? ഒാടിയും കിതച്ചും മുന്നണികൾ; ആകാംക്ഷയിൽ വോട്ടര്‍മാര്‍

രണ്ടുപതിറ്റാണ്ടിനിടെ കോന്നി കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആരുജയിക്കും എന്ന ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. പ്രചാരണം അവസാനലാപ്പിലെത്തുമ്പോള്‍ വോട്ടര്‍മാരെ അടുപ്പിക്കാനുള്ള തന്ത്രങ്ങളുമായി മുന്നണിനേതാക്കള്‍ മുക്കിലും മൂലയിലും ഓടിയെത്തുകയാണ്.  മണ്ഡലം ആദ്യഉപതിരഞ്ഞെടുപ്പിന് വേദിയാകുമ്പോള്‍ പഴുതടച്ചുള്ള പ്രചരണത്തിലാണ് എല്ലാവരും.

മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയില്‍ നടത്തിയത് മൂന്നുദിവസം നീണ്ട  പ്രചാരണം. മറുപടിയായി പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയുടെത് നാലുനാള്‍ നീളുന്നപ്രചാരണം. നേതാക്കള്‍ എത്തുന്നതിന് ഒറ്റലക്ഷ്യമെയുള്ളു. ജയിക്കാനായി എല്ലാവഴിയും നോക്കുക. പിടിച്ചാല്‍ കിട്ടുമെന്ന് ഇടതുമുന്നണിയ്ക്കറിയാം. കയ്യിലിരിക്കുന്ന ജയം തട്ടിപ്പോകരുതെന്ന് യു.ഡി.എഫ് കരുതുന്നു. മുന്നിലുള്ള സുവര്‍ണാവസരത്തിലാണ് ബി.ജെ.പിയുടെ നോട്ടം. സി.പി.എമ്മില്‍ ഓരോ പഞ്ചായത്തിന്റേയും ചുമതല പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങള്‍ക്കാണ്. ആക്രമിച്ചും പ്രതിരോധിച്ചും താഴെത്തട്ടിലുള്ള പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ സംസ്ഥാന സെക്രട്ടറിയും.

എ‍ന്‍.എസ്.എസ്.നിലപാട് തങ്ങള്‍ക്കൊപ്പമെന്ന ഉറച്ചവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ആദ്യഘട്ടപ്രതിസന്ധികള്‍ മറികടന്നതോടെ ഊര്‍ജ്ജസ്വലമായ പ്രചാരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണിയുടെ വാക്കുകളില്‍ ആത്മവിശ്വാസം പ്രകടം. ശബരിമല യുവതി പ്രവേശവിഷയമുയര്‍ത്തിയാണ് എന്‍.ഡി.എ കളം നിറയുന്നത്.