ദേവരാജൻ മാസ്റ്ററുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനം; ഗാനാഞ്ജലി അര്‍പ്പിച്ച് സംഗീത ലോകം

ഒരു ജന്മദിനം കൂടി കടന്നുപോകുമ്പോള്‍ സംഗീത ചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്ററുടെ പാട്ടുകള്‍ നെഞ്ചേറ്റുന്നവരുടെ എണ്ണം കൂടുകയാണ്. മാസ്റ്ററുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനം പതിവുപോലെ വലിയ ആഘോഷങ്ങളില്ലാതെ കടന്നുപോയി. ചെന്നൈ മഹാലിംഗപുരത്തെ വീട്ടില്‍ ദേവരാജന്‍മാസ്റ്ററുടെ കുടുംബത്തിന് പങ്കുവെക്കാനുണ്ടായിരുന്നതും പാട്ട് പോലെ ഒഴുകുന്ന ഓര്‍മകളാണ്.

മലയാള ചലചിത്ര സംഗീതത്തിലെ കിരീടം വെയ്ക്കാത്ത രാജകുമാരന്‍. പഴകുന്തോറും മാധുര്യമേറുന്ന ഒട്ടനവധി പാട്ടുകള്‍ നല്‍കിയാണ്  മാസ്റ്റര്‍ 2006 ല്‍ വിടപറഞ്ഞത്. പ്രണയവും  വിരഹവും  തുടങ്ങി മനുഷ്യ മനസുകളിലെ   സമസ്ത ഭാവങ്ങളിലൂടെയും കടന്നുപോകുന്ന മിക്കപാട്ടുകളും പിറന്നുവീണത് ഇവിടെ, ഈ വീട്ടിലാണ്. പുലര്‍ച്ചെ ഒന്നാം നിലയിലെ മുറിയില്‍ കയറിയാല്‍ ദേവരാജ സംഗീതത്തിന്‍റെ പിറവിയാണവിടെ. പാട്ടുകളുടെ നൊട്ടേഷനുകള്‍ ചെയ്തിരുന്ന മുറിയിലേക്ക് പക്ഷേ വീട്ടുകാര്‍ക്കു പോലും പ്രവേശനം പരിമിതമായിരുന്നു.പറയാനുള്ളതെല്ലാം വെട്ടിത്തുറന്നു പറയുമ്പോഴും സ്നേഹം നിറച്ച കാരണവര്‍ കൂടിയായിരുന്നു വീട്ടുകാര്‍ക്കും ശിഷ്യര്‍ക്കും ദേവരാജന്‍ മാസ്റ്റര്‍ 

ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരിക്കുമ്പോഴും  മറ്റുള്ളവരുടെ  വിശ്വാസത്തെയും  ആഗ്രഹങ്ങളെയും ബഹുമാനിച്ചിരുന്ന മാസ്റ്ററുടെ മരണശേഷമാണ് വീടിനു ഭാര്യ ലീല ദേവരാഗമെന്ന പേരുപേലും ഇടുന്നത്.  മാസ്റ്ററുടെ പ്രിയപെട്ട ശിഷ്യരും പ്രിയപെട്ടവരും  ജന്‍മനാളായ നാളെ  ചെന്നൈയില്‍ ഒത്തുകൂടുകയാണ്. മാഷിന്റെ കടഞ്ഞെടുത്ത പാട്ടുകള്‍ പാടി അവര്‍ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഗാനാഞ്ജലി അര്‍പ്പിക്കും