മോശമായി പെരുമാറിയാൽ ഉടനടി നടപടി; ഉപദേശവും താക്കീതുമായി ഡിജിപി

ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാരെ ഉടനടി തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഡി.ജി.പി. ജോലിയേക്കുറിച്ച് പുനര്‍വിചിന്തനം നടത്തി തെറ്റുതിരുത്താന്‍ തയാറാകണമെന്നും ലോക്നാഥ് ബെഹ്റ. പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി പുറത്തിറക്കിയ കര്‍മപദ്ധതികളിലാണ് ഉപദേശവും താക്കീതും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കസ്റ്റഡി മരണം, അന്വേഷണ വീഴ്ചകള്‍, മോശം പെരുമാറ്റം...ഇങ്ങിനെ തുടര്‍ച്ചയായി പൊലീസ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഉപദേശവും നിര്‍ദേശവും താക്കീതുമൊക്കെയായി ഡി.ജി.പി കര്‍മപദ്ധതി തയാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യോഗതീരുമാനപ്രകാരമാണ് ലോക്നാഥ് ബെഹ്റയുടെ നടപടി. മോശമായി പെരുമാറുന്നൂവെന്ന് പരാതിയുണ്ടായാല്‍ അത് തെറ്റാണെന്ന് െതളിയിക്കേണ്ടത് പൊലീസുകാരന്റെ ഉത്തരവാദിത്വമാണ് ഡി.ജി.പി ഓര്‍മിപ്പിക്കുന്നു. പരാതി ഉയര്‍ന്നാല്‍ തല്‍സ്ഥാനത്ത് നിന്ന് പൊലീസുകാരനെ നീക്കണമെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്. പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ലത്  ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ്. അതിനാല്‍ സഭ്യമല്ലാത്ത ഒരുവാക്കുപോലും ഉപയോഗിക്കരുത്.

കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തനത്തെ കുറിച്ച് സ്വയം ആലോചിക്കണം. എന്നിട്ട് തെറ്റുതിരുത്തണം. ഇതിനായി മാധ്യമവാര്‍ത്തകളും ജനാഭിപ്രായവും വിലയിരുത്തി എല്ലാ യൂണിറ്റിലും ആഴ്ചതോറും യോഗം ചേരണമെന്നും ഉപദേശിക്കുന്നു. സഹായം അഭ്യര്‍ഥിച്ച് വിളിക്കുന്നവരെ തിരിഞ്ഞ് നോക്കാത്ത സ്ഥിതി വര്‍ധിച്ച് വരുന്നതായി ഡി.ജി.പി തന്നെ സമ്മതിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരെ കാണാന്‍ ആഗ്രഹിക്കുന്നവരെ തടയാതെ അതിനുള്ള സൗകര്യം ഏര്‍പ്പാടാക്കണമെന്നും നിര്‍ദേശം നല്‍കി.