കനിവിന്റെ സ്നേഹ പൊന്നോണം; നാട്ടുകാരനൊപ്പം നിന്ന് മുക്കം ജനത

രണ്ടു വൃക്കകളും തകരാറിലായി, ചികില്‍സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന യുവാവിന് വേണ്ടി ഓണാഘോഷത്തിലൂടെ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് മുക്കത്തെ ഗ്രാമീണര്‍. പ്രളയത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ച ഓണാഘോഷമാണ് നിര്‍ധനനായ യുവാവിനെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാന്‍ വേണ്ടി ഗ്രാമം തിരിച്ചുപിടിച്ചത്. 

 എണ്ണയില്‍ മുക്കിയെടുത്ത  കവുങ്ങ്ല്‍ കയറി മുകളിലെത്തി അവിടെ വച്ചിട്ടുള്ള പണമെടുക്കണം. പലരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ലക്ഷ്യത്തിലെത്തിയില്ല. തീറ്റമല്‍സരമായിരുന്നു മറ്റൊന്ന്. ഏറ്റവും കൂടുതല്‍ ബ്രഡ് തിന്നുന്ന ആളാണ് വിജയി. ഗോളടി മല്‍സരവും പഞ്ചഗുസ്തിയുമെല്ലാമുണ്ടായിരുന്നു. തോട്ടക്കാട് യുവജന സഹായ സംഘമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. രണ്ടു വൃക്കകളും തകരാറിലായ ജോസഫ് ജോണ്‍സണെന്ന വിദ്യാര്‍ഥിയെ സഹായിക്കാനാണ് ഈ ആഘോഷം.  വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ജോസഫ് ജോണ്‍സണ് മുന്നിലുള്ള പോംവഴി. മാതാവ് വൃക്ക നല്‍കാമെന്ന് ഏറ്റെങ്കിലും ശസ്ത്രക്രിയയ്ക്ക് പണമില്ല. ഇതോടെയാണ് വേണ്ടെന്നു വച്ച ഓണോഘോഷം യുവജനസംഘം പൊടിതട്ടിയെടുത്തത്. പിന്തുണയുമായി ഗ്രാമം മുഴുവന്‍ ഇവര്‍ക്കൊപ്പം നിന്നു. 

റജിസ്ട്രേഷന്‍ ഫീസും സംഭാവനയും വഴി ചെറുതല്ലാത്ത സംഖ്യ  ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പച്ചക്കറി ചന്തയും ഇവര്‍ നടത്തി. ഇതില്‍ നിന്ന് കിട്ടുന്ന ലാഭവും ജോസഫ് ജോണ്‍സണ് നല്‍കും.